Connect with us

National

ലാലുവിനെ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് വിവാദത്തില്‍

Published

|

Last Updated

ലാലുപ്രസാദ് യാദവിനെ എയിംസില്‍
രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്ന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഡിസ്ചാര്‍ജ് ചെയ്തത് വിവാദത്തില്‍. സി ബി ഐയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണ് ഇതെന്ന് ലാലു ആരോപിച്ചു. എന്നാല്‍, ലാലുവിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതില്‍ ശാരീരികമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും എയിംസ് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ലാലുവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലാലുവിനെ രാവിലെ സന്ദര്‍ശിച്ചിരുന്നു.

എയിംസില്‍ നിന്ന് റാഞ്ചി മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. എന്നാല്‍, താന്‍ പൂര്‍ണമായും ആരോഗ്യവാനല്ലെന്നാണ് ലാലുവിന്റെ നിലപാട്. നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള എയിംസിന്റെ നീക്കത്തിലുള്ള അതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി. ഈ തീരുമാനം കാരണം തന്റെ ജീവന്‍ അപകടത്തിലായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എയിംസ് ഡോക്ടര്‍മാര്‍ക്കാകും. തന്റെ അസുഖത്തിനുള്ള ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജില്‍ ഇല്ലെന്നും അതിനാല്‍ മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലാലു പറഞ്ഞിരുന്നു. സംഭവത്തില്‍ ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവര്‍ക്കെതിരെ എയിംസ് പരാതി നല്‍കിയിട്ടുണ്ട്. ലാലുവിന്റെ അവസാന സന്ദര്‍ശകന്‍ രാഹുല്‍ ആയിരുന്നു. ലാലുവിന്റെ മുറിയില്‍ രാഹുല്‍ അര മണിക്കൂര്‍ ചെലവഴിച്ചു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റാഞ്ചിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ലാലുവിനെ പിന്നീട് ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ 14 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.

Latest