ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ നൈജീരിയന്‍ പ്രസിഡന്റ് ബുഹാരി അമേരിക്കയിലെത്തി

Posted on: April 30, 2018 10:07 am | Last updated: April 30, 2018 at 11:32 am

വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി വാഷിങ്ടണിലെത്തി. സാമ്പത്തിക സുരക്ഷാ കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതേ സമയം ആഫ്രിക്കന്‍ ജനതയെ ട്രംപ് വ്യത്തികെട്ടവരെന്ന് വിശേഷിപ്പിച്ചുവെന്ന വിവാദം നിലനില്‍ക്കെയാണ് ബുഹാരി-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്.

ആഭ്യന്തരമായി സുരക്ഷാ വെല്ലുവിളികളും ഒമ്പത് വര്‍ഷമായി ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണവും നേരിടുകയാണ് ബുഹാരി. അതിനാല്‍ത്തന്നെ തീവ്രവാദത്തിനെതിരായ പോരാട്ടമായിരിക്കും ഇരു നേതാക്കളുടേയും പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് കരുതുന്നത്. ബോക്കോ ഹറാമിനെതിരായ പോരാട്ടത്തിന് 496ദശലക്ഷം ഡോളറിന്റെ 12 പോര്‍ വിമാനങ്ങള്‍ അമേരിക്ക നൈജീരിയക്ക് വില്‍പ്പന നടത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ഊര്‍ജിതമാക്കുന്നതും ചര്‍ച്ചയാകും.