Connect with us

Articles

കൃഷിയും അന്തസ്സായ ജോലിയാണ്

Published

|

Last Updated

വരവിന്റെ വലിപ്പമനുസരിച്ചാണ് ഓരോ കുടുംബത്തിന്റേയും ഉപഭോഗമെന്ന തിരിച്ചറിവാണ് ധനതത്വശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. വരവില്‍കവിഞ്ഞ ചെലവ് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഉത്പാദകരുടെ പരസ്യകോലാഹലങ്ങളും വിപണന തന്ത്രങ്ങളും ഉപഭോക്താവിന്റെ ഉപഭോഗരീതിയില്‍ തന്നെ ഗണ്യമായ മാറ്റം വരുത്തി. ആവശ്യങ്ങളെ നേരിട്ട് നിവര്‍ത്തിക്കുന്ന പദാര്‍ഥങ്ങളെയാണ് ഉപഭോഗവസ്തുക്കള്‍ എന്നു വിളിക്കുന്നത്. ഭക്ഷ്യാവശ്യങ്ങള്‍ക്കുള്ളതായാലും സേവനങ്ങളായാലും വന്‍ തോതില്‍ നമ്മുടെ ഉപഭോഗ ആവശ്യം വര്‍ധിച്ചതായി കാണാം. പ്രത്യേകിച്ച് കേരളത്തില്‍.

പല്ല് വൃത്തിയാക്കുന്നതിന് അടുത്ത കാലം വരെ കല്ലുപ്പും ഉമിക്കരിയും ഉപയോഗിച്ച മലയാളി ടൂത്ത് പേസ്റ്റുകളിലേക്ക് മാറുകയും ചൂലുകെട്ടി നിലം തൂത്തിരുന്നവര്‍ വിലയേറിയ വാക്വം ക്ലീനറുകളിലേക്ക് മാറിയതും വസ്ത്രധാരണ രീതിയിലും വീടിന്റെ മോടി പിടിപ്പിക്കുന്നതിലും എന്തിന് വിനോദങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിലും മലയാളി ലുബ്ധത കാട്ടാറില്ല. കൃഷി നിലങ്ങളും കോഴിഫാമുകളും കേരളത്തില്‍ നിന്നും അന്യം നിന്നുപോയിരിക്കുന്നു. പച്ചക്കറികളും ഭക്ഷ്യസാധനങ്ങളും എന്തിന് കുടിവെള്ളം പോലും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി രൂപം പ്രാപിച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ അല്‍പം വര്‍ധനവുണ്ടായാല്‍ കേരളത്തില്‍ വിലക്കയറ്റം പ്രകടമാവുന്നു. തദ്ദേശീയമായ ഉത്പാദന പ്രക്രിയ നടക്കാത്തതിനാല്‍ ഉപ്പ് തൊട്ട്കര്‍പ്പൂരം വരെയുള്ള വസ്തുക്കള്‍ക്ക് നാള്‍ക്കുനാള്‍ വിലവര്‍ധനവ് ഉണ്ടാകുന്നു.

കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ട് സമ്പന്നമാണ് കേരളം. നാളികേരം, കാപ്പി, തേയില, കൊക്കോ, ഗ്രാമ്പൂ, റബ്ബര്‍ തുടങ്ങിയവ കേരളത്തില്‍ നന്നായി വളരുന്നു. എന്നാല്‍ ഇവയില്‍ നിന്നുണ്ടാകുന്ന ഉത്പന്നങ്ങള്‍ നാം ഇറക്കുമതി ചെയ്യുകയാണ്. റബ്ബറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ചെരിപ്പുകള്‍, പൈപ്പുകള്‍, റബ്ബര്‍ ബാന്റുകള്‍ മറ്റു ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങിയവയും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ കൂലി കുറവ് കാരണമാണ് ഉത്പാദനം കേരളം വിട്ടു പോകുന്നതെന്ന വാദം ഇവിടെ അപ്രസക്തമാണ്.

മെച്ചപ്പെട്ട വൈദ്യുത വിതരണവും തൊഴില്‍രഹിതരായവരുടെ മനുഷ്യശക്തിയും ഏകോപിപ്പിച്ചാല്‍, നമ്മള്‍ വിളയിക്കുന്ന ഉത്പന്നങ്ങളെ ഉപഭോക്തൃ വസ്തുക്കളാക്കാന്‍ നമുക്ക് കഴിയും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉപഭോഗ ആവശ്യങ്ങളെ മാത്രം ആശ്രയിച്ചാല്‍ വന്‍തോതിലുള്ള ഉത്പാദനവും വിതരണവും കേരളത്തില്‍ തന്നെ നടത്താന്‍ കഴിയും. ഭാരിച്ച ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജിലെ കുറവു തന്നെ ഉപഭോഗവസ്തുക്കളുടെ വിലക്കുറവു നിലനിര്‍ത്താനും സഹായിക്കും. എന്തിനും ഏതിനും മുറവിളി ഉയര്‍ത്തുന്ന കേരളീയ ജനത ആഭ്യന്തരഉത്പാദനം നടത്തുവാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപൃതരാകേണ്ടിയിരിക്കുന്നു.

വെള്ളകോളര്‍ ജോലികളെ പോലെത്തന്നെ മാന്യവും അന്തസ്സുള്ളതുമായ തൊഴിലാണ് കാര്‍ഷികവൃത്തിയും വ്യവസായവുമെന്ന ചിന്താഗതി പുത്തന്‍ തലമുറയിലെങ്കിലും വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം.

ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളും ബേബിഫുഡും ശീലിച്ച മലയാളി പുതിയ ഒരു ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കണം. വീട്ടുമുറ്റത്തെ സമൃദ്ധമായി വളരുന്ന ഈന്തും, കൂവയും പപ്പായയും പോഷക സമ്പുഷ്ടമാണെന്ന് തിരിച്ചറിയണം. ദൈനംദിന ജീവിതത്തില്‍ ആവശ്യമല്ലാത്ത ആഢംബര വസ്തുക്കള്‍ കൈയൊഴിയണം. പരിസ്ഥിതിക്ക് അനുയോജ്യമായതും അത്യാവശ്യമുള്ളതുമായ വസ്തുക്കളെ മാത്രം ആവശ്യാനുസരണം തിരഞ്ഞെടുക്കണം. ഫാസ്റ്റ്ഫുഡുകളില്‍ രുചി ഭേദത്തിനായി ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുകയും വൈദ്യ ചികിത്സക്കായി വന്‍തോതില്‍ ധനം ചെലവഴിക്കേണ്ടിവരുന്നതും സമീപകാലത്ത് വര്‍ധിച്ചിരിക്കുന്നു.

ഉത്പാദകര്‍ അവകാശപ്പെടുന്ന കാര്യങ്ങളില്‍ ചിലത് ഉത്പന്നത്തിന് ഇല്ലായെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ സമിതികള്‍ കോടതികളില്‍ നിലവിലുണ്ട്. ലോകം തന്നെ ഒരു കമ്പോളമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ഉപഭോക്താവിന്റെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയേണ്ടതുണ്ട്.

Latest