Connect with us

Sports

ഏഷ്യന്‍ ബാഡ്മിന്റണ്‍: സൈനയും പ്രണോയിയും സെമിയില്‍

Published

|

Last Updated

വുഹാന്‍: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും എച്ച് എസ് പ്രണോയിയും സെമിയില്‍ പ്രവേശിച്ചു. അതേസമയം, ഇന്ത്യന്‍ താരങ്ങളായ കിദംബി ശ്രീകാന്തും പി വി സിന്ധുവും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ദക്ഷിണ കൊറിയയുടെ ലീ ജങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന സെമി ഉറപ്പിച്ചത്. 43 മിനുട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-15, 21-13 നാണ് സൈനയുടെ വിജയം. ചൈനീസ് തായ്‌പെയുടെ ടോപ് സീഡ് തൈ സു യിംഗും ചൈനയുടെ എട്ടാം സീഡ് ഹെ ബിംഗ്ജിയാവോയും തമ്മിലുള്ള മത്സരത്തില്‍ ജയിക്കുന്നയാളെയാണ് സെമിയില്‍ സൈന നേരിടേണ്ടത്. ലോക 12ാം നമ്പര്‍ താരമായ സൈന നെഹ്‌വാള്‍ ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ താരത്തിനെതിരെ മത്സരിക്കുന്നത്.

മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ തന്നെ വാന്‍ ഹോ സണിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയും സെമി ഉറപ്പിച്ചത്. 18-21, 23-21, 21-12 എന്നീ സെറ്റുകള്‍ക്കാണ് പ്രണോയിയുടെ ജയം. മുന്‍ ലോക നമ്പര്‍ വണ്‍ താരമാണ് വാന്‍ ഹോ സണ്‍. നിലവില്‍ വാന്‍ സണിന് രണ്ടാം റാങ്കും പ്രണോയിക്ക് 10 റാങ്കുമാണുള്ളത്. ലോക മൂന്നാം നമ്പര്‍ താരം ചെന്‍ ലോങിനെയാണ് ഇന്ന് സെമിയില്‍ പ്രണോയി നേരിടുക.

അതേസമയം, വനിത വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. കൊറിയയുടെ സുംഗ് ജി ഹ്യുനിനോടാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍: 19- 21, 10- 21. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടന്നത്. ഒരു ഘട്ടത്തില്‍ 15- 11ന് സിന്ധു ലീഡ് ചെയ്തു. പക്ഷേ, ശക്തമായ തിരിച്ചുവരവ് നടത്തി സുംഗ് കളി കൈയിലാക്കി. തുടരെ മൂന്ന് പോയിന്റുകള്‍ നേടിയാണ് കൊറിയന്‍ താരം ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ഏറെ ചെറുത്തുനില്‍പ്പില്ലാതെ സിന്ധു കീഴടങ്ങുകയായിരുന്നു.

മലേഷ്യയുടെ ലീ ചോംഗ് വീയോടാണ് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍ : 12- 21, 15- 21. ലോക അഞ്ചാം നമ്പര്‍ താരമായ ശ്രീകാന്തിനെതിരെ ഇത് അഞ്ചാം വിജയമാണ് വീയുടേത്. മൂന്ന് തവണ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ വീയെ പക്ഷേ, കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയ്മിന്റെ മിക്‌സഡ് വിഭാഗത്തില്‍ ശ്രീകാന്ത് തോല്‍പ്പിച്ചിരുന്നു.

സിന്ധു, സൈന, ശ്രീകാന്ത് പ്രണോയി
ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി വി സിന്ധു, സൈന നെഹ്‌വാള്‍, ശ്രീകാന്ത് കിദംബി, എച്ച് എസ് പ്രണോയി എന്നിവര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. നിലവിലെ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബി ഡബ്ല്യൂ എഫ്) റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് നാല് പേര്‍ക്കും യോഗ്യത ലഭിച്ചത്. ആദ്യ ഘട്ട യോഗ്യതാ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ബി ഡബ്ല്യൂ എഫ് റാങ്കിംഗ് നടത്തിയത്. ജൂലൈ 30 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ ചൈനയിലാണ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ വാര്‍ഷിക ടൂര്‍ണമെന്റ് നടക്കുക.

കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവും സൈനയും യഥാക്രമം വെള്ളി, വെങ്കല മെഡലുകള്‍ നേടിയിരുന്നു. ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്നത് അക് ആദ്യമായിരുന്നു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഓകുഹരയോട് സിന്ധു തോറ്റപ്പോള്‍, സൈന സെമി ഫൈനലില്‍ തന്നെ പരാജയം ഏറ്റുവാങ്ങി വെങ്കലവുമായി മടങ്ങുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലേറെ തവണ മെഡല്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ വനിതാ താരങ്ങള്‍ എന്ന ഖ്യാതിയും ഇരുവര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. സൈന 2015ല്‍ വെള്ളി നേടിയപ്പോള്‍ സിന്ധു 2013ലും 2014ലും വെങ്കലം നേടിയിട്ടുണ്ട്.