Connect with us

Sports

വരുന്നൂ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ- പാക് പരീക്ഷണമില്ല

Published

|

Last Updated

കൊല്‍ക്കത്ത: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് അന്തിമ രൂപമായി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അവസാനിച്ച ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പരകള്‍ ഉള്‍പ്പെടുന്നതാണ് ചാമ്പ്യന്‍ഷിപ്പ്.

നിലവില്‍ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുക. ഓരോ ടീമും ഹോം, എവേ മത്സരങ്ങളില്‍ മൂന്ന് വീതം തവണ ഏറ്റുമുട്ടും. ആറ് ടീമുകളെയാണ് ഒരു രാജ്യം നേരിടേണ്ടത്. ഇതനുസരിച്ച് ചാമ്പ്യന്‍ഷിപ്പ് കാലയളവായ 24 മാസത്തിനിടെ 36 ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. അടുത്ത വര്‍ഷം ആരംഭിക്കുന്ന ഉദ്ഘാടന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ 2021ലാണ് നടക്കുക.

ലോക ടെസ്റ്റ് ടീമുകള്‍ മുഖാമുഖം ഏറ്റുമുട്ടുമെങ്കിലും പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നേയില്ല എന്നതാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രത്യേകത. ഇരൂ ടീമുകളും ഫൈനലില്‍ എത്തിയാല്‍ മാത്രമേ നേര്‍ക്കുനേര്‍ പോരാട്ടം സാധ്യമാകൂ. ഇന്ത്യ- പാക് ഫൈനലിനാണ് കളമൊരുങ്ങുന്നതെങ്കില്‍ അതിനായ നിഷ്‌ക്രിയ വേദി (ന്യൂട്രല്‍ വെന്യൂ) കണ്ടെത്തേണ്ടിവരും. ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

പുതുതായി ആവിഷ്‌കരിച്ച ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമിന്റെ (എഫ് ടി പി) അടിസ്ഥാനത്തിലാണ് ഏത് ടീം ആരോട് മത്സരിക്കേണ്ടത് എന്ന് നിശ്ചയിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ്ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ലാത്ത സിംബാബ്‌വെ, അഫ്ഗാനിസ്ഥാന്‍, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ മറ്റ് മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുകയുള്ളൂ.

 

Latest