പൊതുജനം ഭീതിയുടെ നിഴലില്‍; ലാറ്റിനമേരിക്കയില്‍ 18 വര്‍ഷത്തിനിടെ 25 ലക്ഷം കൊലപാതകങ്ങള്‍

Posted on: April 28, 2018 6:07 am | Last updated: April 27, 2018 at 10:20 pm

കൊളംബിയ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ പൊതുജനത്തിന്റെ സുരക്ഷയെ അപകടത്തപ്പെടുംവിധം കുത്തനെ ഉയര്‍ന്നതായി പഠനം. 2000 മുതല്‍ ഈ വര്‍ഷം വരെ 25 ലക്ഷത്തിലധികം കൊലപാതകങ്ങള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സംഭവിച്ചതായാണ് പഠനം. കൊലപാതകങ്ങളുടെ എണ്ണം രാജ്യത്തെ പൊതുജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തും വിധം ഉയര്‍ന്നതായും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ട് വലിക്കുന്നതായും ബ്രസീലില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം പുറത്തുവിട്ടത്.

ലോകത്തെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന മേഖലകളിലൊന്ന് ലാറ്റിനമേരിക്കയാണ്. ലോക ജനസംഖ്യയില്‍ വെറും എട്ട് ശതമാനം വരുന്ന ലാറ്റിനമേരിക്കയില്‍, ലോകത്ത് നടക്കുന്ന കൊലപാതകങ്ങളുടെ 33 ശതമാനവും അരങ്ങേറുന്നു. യുവാക്കളാണ് ആക്രമണത്തിനിരയാകുന്നവരില്‍ ഭൂരിഭാഗവും. കൊലപാതകത്തിന് ഇരകളായവരില്‍ പകുതിയിലധികം പേരും 15നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. കൊലപാതകത്തില്‍ തോക്കുകളുടെ ഉപയോഗവും വളരെ ഏറെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ലോകത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ 32 ശതമാനവും കൈത്തോക്ക് ഉപയോഗിച്ചാണ്. മധ്യ അമേരിക്കയില്‍ 78 ശതമാനവും തെക്കെ അമേരിക്കയില്‍ 80 ശതമാനവും കൊലപാതകങ്ങളും തോക്ക് ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.