Connect with us

Articles

എണ്ണ: എക്‌സൈസ് തീരുവയും കമ്പനികളുടെ തീവെട്ടി കൊള്ളയും

Published

|

Last Updated

രാജ്യത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണവിലയുള്ള രാജ്യമെന്ന “ഖ്യാതി” ഇന്ത്യക്ക് സ്വന്തമാണിപ്പോള്‍. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനാവശ്യമായി ഇന്ധനം മാറിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഹ്രസ്വ, ദൂരയാത്രകള്‍ക്കും മറ്റും സ്വന്തമായുള്ള റ്റൂ വീലറും ഫോര്‍ വീലറും ഉപയോഗിക്കുന്ന കേരള ജനതയുടെ നെഞ്ച് പൊള്ളുന്ന തരത്തിലേക്കാണ് എണ്ണവിലയുടെ കുതിപ്പ്. ജനങ്ങളുടെ സാധാരണ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്നത് സംശയാതീതമാണ്. അടിക്കടി ഉയരുന്ന എണ്ണ വിലയുടെ കാര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ടറിയാനോ ആശങ്കകള്‍ക്കും പ്രയാസങ്ങള്‍ക്കും അറുതി വരുത്താനോ സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. എണ്ണ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ഒന്നോ രണ്ടോ ദിവസം തെരുവിലിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്യുമെങ്കിലും പരിഹാരം കാണാനാകാതെ സഹിച്ചും ത്യജിച്ചും തുടര്‍ജീവിതം നയിക്കുകയാണ് സമൂഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അങ്ങോട്ടുമിങ്ങോട്ടും പഴിപറഞ്ഞും വില കുറക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെന്ന് പറഞ്ഞും തടിയൂരുകയും ചെയ്യുന്നു.

ഒരു മാസത്തോളമായി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍കുന്ന ഡീസല്‍ വില എഴുപതും കടന്ന് റെക്കോര്‍ഡിട്ടിരിക്കുകയാണ്. 2013ന് ശേഷം ഡീസലിന് ജനങ്ങള്‍ കൊടുക്കേണ്ടി വന്ന ഏറ്റവും വലിയ വിലയാണിത്. 2013ല്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 147 ഡോളര്‍ വരെ എത്തിയിരുന്നു. അക്കാലത്താണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എണ്ണവില രേഖപ്പെടുത്തിയത്. അന്ന് കൊച്ചിയില്‍ പെട്രോളിന് 77.46 രൂപയും തിരുവനന്തപുരത്ത് 78.50 രൂപയുമായിരുന്നു വില. ഡീസലിന് 54.76 രൂപയും.

അതേസമയം കഴിഞ്ഞദിവസം രാജ്യാന്തര എണ്ണ വില ബാരലിന് 73.51 ഡോളര്‍ മാത്രമേയുള്ളൂ. പക്ഷേ, രാജ്യാന്തര എണ്ണ വില കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയിലേറെയുണ്ടായ സമയത്തെ എണ്ണ വിലയോടടുത്താണ് ഇപ്പോള്‍ ഇന്ത്യയിലെ എണ്ണവിലയുള്ളത്.

എണ്ണ വില കൂട്ടി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഊദിയുടെ നീക്കമാണ് രാജ്യത്ത് ഇത്തരുണത്തില്‍ എണ്ണ വില വര്‍ധിക്കാന്‍ പ്രധാനകാരണം. ഉത്പാദനം കുറക്കാനുള്ള രാജ്യാന്തര എണ്ണ രാജ്യങ്ങളുടെ കൂട്ടമായ്മയായ ഒപെകിന്റെ തീരുമാനവും ഒരു കാരണമാണ്. അസംസ്‌കൃത എണ്ണ വില ബാരലിന് 80 മുതല്‍ 150 ഡോളര്‍ വരെ എത്തിക്കുകയാണ് സഊദിയുടെ ലക്ഷ്യം. ഇതിനെ റഷ്യയും ഒപെകും പിന്തുണക്കുകയും ചെയ്യുന്നു. വില 80ല്‍ എത്തിയാല്‍ മാത്രം ഉത്പാദനം കൂട്ടിയാല്‍ മതിയെന്നാണ് അവരുടെ തീരുമാനം. മാത്രവുമല്ല ലോകത്തെ മറ്റൊരു പ്രധാന എണ്ണ ഉത്പാദക രാജ്യമായ വെനസ്വേലയില്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉത്പാദനമുള്ളത്. അമേരിക്കയും സിറിയയും തമ്മില്‍ നടത്തിയ വ്യോമാക്രമണങ്ങളും രാജ്യാന്തര വിപണിയിലെ എണ്ണവില കൂടാന്‍ കാരണമായി പറയുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇവിടെയും മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയതും വില കൂടുമ്പോള്‍ മാത്രം അറിയുന്ന കമ്പനികള്‍ വില കുറയുമ്പോള്‍ അറിയാത്തതും ഇന്ത്യയിലെ എണ്ണവില ഇടക്കിടെ ഉയരാന്‍ കാരണമാകുന്നു.

എണ്ണ വില ബാരലിന് 80 ഡോളറില്‍ എത്തിയാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എണ്ണവിലയില്‍ വെന്തെരിയും എന്നതില്‍ സംശയമില്ല. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും അവശ്യസാധനങ്ങളിലേക്ക് മാത്രം ജനങ്ങള്‍ ചുരുങ്ങാനും ഇത് ഇടവരുത്തും. എണ്ണയില്ലാത്ത ജീവിതം ദുസ്സഹമാകും എന്നര്‍ഥം. പ്രത്യേകിച്ച് 500 മീറ്റര്‍ അകലെയുള്ള ഇടങ്ങളിലേക്ക് വരെ വാഹനങ്ങളുപയോഗിക്കുന്ന കേരള ജനതയുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലാകും. എണ്ണവില കുറയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കനിയുകയല്ലാതെ മറ്റൊരു പോംവഴിയില്ല. അടിക്കടി എണ്ണവില ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ജനങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും കണ്ടറിയേണ്ടതുണ്ട്. ഇന്ധനങ്ങളുടെ മേലുള്ള എക്‌സൈസ് തീരുവ കേന്ദ്രം കുറക്കുന്നതിലൂടെ എണ്ണവിലയില്‍ കുറവ് വരുത്തല്‍ സാധ്യമാകും. വിലക്കുറക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറുകളുടെ തലക്കു മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എക്‌സൈസ് തീരുവ ഞങ്ങള്‍ കുറക്കില്ലെന്നും സംസ്ഥാന സര്‍ക്കാറുകള്‍ മൂല്യവര്‍ധിത നികുതി (വാറ്റ്)യോ വില്‍പ്പന നികുതിയോ കുറച്ച് പരിഹരിക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ പക്ഷം. കഴിഞ്ഞ വര്‍ഷത്തെ 3.5 ശതമാനം ധനകമ്മിയില്‍ നിന്ന് 3.3 ശതമാനമാക്കാനുള്ള ശ്രമമാണ് എക്‌സൈസ് തീരുവ കുറക്കാതിരിക്കാനുള്ള കാരണമായി കേന്ദ്രം പറയുന്നത്. സര്‍ക്കാര്‍ ധനകമ്മി കുറക്കാന്‍ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ തീരുവ കുറക്കല്‍ ഉചിതമല്ലെന്നും പറയുന്നു. കുറക്കുന്നതിന് പകരം കൂട്ടുകയാണ് ചെയ്യുന്നത്. 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് തവണയാണ് എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്. ഇക്കാലയളവില്‍ പെട്രോള്‍ വിലയുടെ നികുതിയില്‍ 11.77 രൂപയുടെയും ഡീസലിന്റേതില്‍ 13.47 രൂപയുടെയും വര്‍ധനവുണ്ടായി. നാല് വര്‍ഷത്തിനിടയില്‍ എക്‌സൈസ് തീരുവ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ വരുമാനം 230 ശതമാനമാണ് വര്‍ധിച്ചത്. അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിലയിലുള്ള ഇടിവിലൂടെ വന്‍ വിദേശനാണ്യം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. രാജ്യാന്തര വിപണി യിലെ അസംസ്‌കൃത എണ്ണയുടെ വിലയിടിവിലൂടെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് മാത്രം കേന്ദ്ര സര്‍ക്കാര്‍ 13 ലക്ഷം കോടി രൂപയാണ് ലാഭിച്ചത്.

ഇതിനു പുറമെ ആഭ്യന്തര വിപണിയില്‍ പെട്രോളിനെയും ഡീസലിനെയും ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തിയും നികുതി കുറക്കാനാകും.
എണ്ണ വിലയില്‍ കത്തിയെരിയുന്ന ജനങ്ങളുടെ ദുരിതമകറ്റാന്‍ ഗവണ്‍മെന്റുകള്‍ തയ്യാറായില്ലെങ്കില്‍ രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി എണ്ണവില വര്‍ധനയായി മാറുമെന്നതില്‍ സംശയമില്ല. എണ്ണ കമ്പനികളുടെ തീവെട്ടി കൊളളക്ക് അറുതി വരുത്താതെയും എക്‌സൈസ് തീരുവ കുറക്കാതെയും പുകയുന്ന ഇന്ത്യയില്‍ എണ്ണക്കെടുതിയിലായി ജനങ്ങള്‍ എത്ര കാലം ജീവിക്കും?