ഹൈപ്പര്‍ലൂപ്പ് പാതകളുടെ പേരിലുള്ളത് അഭ്യൂഹങ്ങള്‍: ആര്‍ ടി എ

Posted on: April 27, 2018 8:47 pm | Last updated: April 27, 2018 at 8:47 pm

ദുബൈ: അബുദാബി രാജ്യാന്തര വിമാനത്താവളത്തിനും ദുബൈ അല്‍ മക്തൂം ഇന്റര്‍നാഷന്‍ എയര്‍പോര്‍ട്ടിനും ഇടയില്‍ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പാത ഒരുക്കാന്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഒരുങ്ങുന്നുവെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട് ടെക്‌നോളജി കമ്പനിയുടെതായി പ്രഖ്യാപനം വന്നുവെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ഇതാണ് ആര്‍ ടി എ അധികൃതര്‍ നിഷേധിച്ചത്.

ദുബൈയിലോ ദുബൈയില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കോ പ്രത്യേകമായി പാത ഒരുക്കുന്നതിന് ഇത് വരെ ധാരണയായിട്ടില്ല. പാതകള്‍ ഒരുക്കേണ്ടതിനെ കുറിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണ്. മികച്ചതും ചിലവ് കുറഞ്ഞതുമായ റൂട്ടുകളുടെ സാധ്യതകള്‍ കണ്ടെത്തി അവയില്‍ നിന്ന് എമിറേറ്റുകളിലെ പ്രധാന ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള മാര്‍ഗങ്ങള്‍ ഏറ്റവും ആയാസ രഹിതമായി ഒരുക്കുന്നതെങ്ങിനെ എന്ന പഠനത്തിലാണ്.

മികച്ച പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ സമയ ക്രമത്തിനുള്ളില്‍ പാതകളുടെ സ്വഭാവം പ്രഖ്യാപിക്കുമെന്ന് ആര്‍ ടി എ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.

ഇത്തരം പദ്ധതികള്‍ ഏറ്റവും ചിലവ് ചുരുക്കി കൂടുതല്‍ ഗുണ ഫലമുണ്ടാക്കുന്ന വിധത്തില്‍ എങ്ങിനെ വിഭാവനം ചെയ്യാമെന്നുള്ള എഞ്ചിനീറിംഗ്, സാമ്പത്തിക, പാരിസ്ഥിതിക പഠനങ്ങള്‍ക്ക് ശേഷമെ നടപ്പിലാക്കുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.