ഇറാന്‍ ആണവ കരാറില്‍ നിന്ന് യു എസ് പിന്മാറിയേക്കും

Posted on: April 27, 2018 6:09 am | Last updated: April 27, 2018 at 12:12 am

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യു എസ് പിന്മാറിയേക്കും. ആണവ കരാറില്‍ തുടരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും താന്‍ പരാജയപ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണവ കരാറില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് തന്റെ അഭിപ്രായം. ആഭ്യന്തര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ പിന്മാറ്റമെന്നും ഇത് ട്രംപിന്റെ സുബോധമില്ലാത്ത പ്രവൃത്തിയാണെന്നും മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

മാക്രോണിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത് ഇറാനുമായുള്ള ആണവകരാറില്‍ അമേരിക്കയെ ഉറപ്പിച്ചുനിര്‍ത്തുക എന്നതായിരുന്നു. പക്ഷേ, അത് പരാജയപ്പെട്ടുവെന്നാണ് മാക്രോണിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ആഗോള വിഷയങ്ങളില്‍ അമേരിക്ക പുലര്‍ത്തിപ്പോരുന്ന പല നയങ്ങളോടും നേരത്തെ തന്നെ ഫ്രാന്‍സ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇറാനുമായുള്ള ആണവ കരാര്‍, ആഗോള കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സ് അമേരിക്കയെ എതിര്‍ത്തിരുന്നു.

ഇറാനെ ആണവായുധ നിര്‍മാണത്തില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ലാണ് ഇറാനുമായി ആണവ കരാറിലെത്തുന്നത്. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയാണെങ്കില്‍ ആണവായുധ നിര്‍മാണവുമായി മുന്നോട്ടുപോകുമെന്നും കൂടുതല്‍ നടപടികളുമായി രംഗത്തുവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് വരുത്തുമെന്ന കരാറിന്മേലിലാണ് 2015ല്‍ ആണവ കരാറിലെത്തുന്നത്.