ടി20 ഇനി ലോക ക്രിക്കറ്റ്

104 അംഗ രാഷ്ട്രങ്ങള്‍ക്കും രാജ്യാന്തര ട്വന്റി20 പദവി നല്‍കി ഐ സി സി
Posted on: April 27, 2018 6:15 am | Last updated: April 27, 2018 at 12:01 am
അര്‍ജന്റീനയുടെ ട്വന്റി20 ടീം ഐ സി സി മത്സരത്തില്‍

കൊല്‍ക്കത്ത: ക്രിക്കറ്റിന്റെ ആഗോള സ്വീകാര്യത വര്‍ധിപ്പിക്കുവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടു. ഐ സി സിയില്‍ അംഗത്വമുള്ള 104 രാജ്യങ്ങള്‍ക്കും ട്വന്റി20 രാജ്യാന്തര പദവി നല്‍കാന്‍ തീരുമാനിച്ചു.

വനിതാ ടീമുകള്‍ക്കും ഇത് ബാധകമായിരിക്കും. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലാകും. പുരുഷ ടീമിന്റെ ട്വന്റി20 രാജ്യാന്തര പദവി 2019 ജനുവരി ഒന്നു മുതലാണ് നിലവില്‍ വരിക.

വനിതാ വിഭാഗത്തില്‍ റാങ്കിംഗ് 2018 ഒക്ടോബറിലും പുരുഷ വിഭാഗത്തില്‍ 2019 മെയിലും നിലവില്‍ വരും.

ട്വന്റി20 ക്രിക്കറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര ടൂര്‍ണമെന്റുകളായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐ സി സിക്ക് രാജ്യാന്തര തലത്തില്‍ ടി20 ഫോര്‍മാറ്റിനെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഐ സി സി ചെയര്‍മാന്‍ സ്ഥാനത്ത് ശശാങ്ക് മനോഹറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ജൂണില്‍ തിരഞ്ഞെടുപ്പ് നടത്താനും ഐ സി സി യോഗത്തില്‍ തീരുമാനിച്ചു.

2021 ചാമ്പ്യന്‍സ് ട്രോഫിക്ക്
പകരം ലോകകപ്പ് ടി20

കൊല്‍ക്കത്ത: 2021ല്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ച ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് റദ്ദാക്കി, പകരം ട്വന്റി20 ലോകകപ്പ് നടത്താന്‍ ഐ സി സി തീരുമാനം. എട്ട് രാജ്യങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഏകദിന ചാമ്പ്യന്‍ഷിപ്പ് കാലഹരണപ്പെട്ട ആശയമാണെന്ന് നേരത്തെ തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു.

പുതിയ കാലഘട്ടത്തിന്റെ ഗെയിമായി ട്വന്റി20 അതിവേഗം മുന്നേറുമ്പോള്‍ ഐ സി സി മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിചാര്‍ഡ്‌സന്‍ പറഞ്ഞു.2021 ടി20 ലോകകപ്പില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും. ഇതോടെ, ഐ സി സി ചരിത്രത്തില്‍ രണ്ടാം തവണ ഒരു ഫോര്‍മാറ്റിലുള്ള ലോകകപ്പ് തുടരെ നടക്കും.

2020 ലോകകപ്പ് ആസ്‌ത്രേലിയയില്‍ നിശ്ചയിച്ചിട്ടുണ്ട്. തൊട്ടടുത്ത വര്‍ഷം അതേ ലോകകപ്പ് ഇന്ത്യയിലെത്തും. ആദ്യം ഇങ്ങനെ സംഭവിച്ചത് 2009, 2010ല്‍.