സമ്പൂര്‍ണ സഖാഫി സംഗമം മെയ് മൂന്നിന് മര്‍കസില്‍

Posted on: April 27, 2018 6:12 am | Last updated: April 26, 2018 at 11:53 pm

കോഴിക്കോട്: സഖാഫി പണ്ഡിത സഭയുടെ സമ്പൂര്‍ണ സംഗമവും ഖത്മുല്‍ ബുഖാരി സമ്മേളനവും മെയ് മൂന്നിന് മര്‍കസില്‍ നടക്കും. രാവിലെ എട്ടിന് സഖാഫി കൗണ്‍സില്‍ ചേരും. സഖാഫി ശൂറ അംഗങ്ങള്‍, സ്റ്റിയറിംഗ് കമ്മിറ്റി, ജില്ലാ സഖാഫി കോര്‍ഡിനേഷന്‍ സാരഥികള്‍ എന്നിവരാണ് കൗണ്‍സിലില്‍ പങ്കെടുക്കേണ്ടത്.

ഒമ്പത് മണിക്ക് നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പുതിയ രജിസ്‌ട്രേഷനും നടക്കും. പത്ത് മുതല്‍ ഒരു മണി വരെ നടക്കുന്ന സമ്പൂര്‍ണ സഖാഫി സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും. മര്‍കസിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതികള്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അവതരിപ്പിക്കും.

രണ്ട് മണിക്ക് നടക്കുന്ന ബാച്ച്തല ക്ലാസ്‌റൂം പരിപാടിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. മര്‍കസിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് പുതിയ സാധ്യതകള്‍ നല്‍കുന്ന വിധത്തില്‍ ഓരോ ബാച്ചും പ്രഖ്യാപിച്ച പദ്ധതികള്‍ കണ്‍വീനര്‍മാര്‍ ഖത്മുല്‍ ബുഖാരി സമ്മേളനത്തില്‍ അവതരിപ്പിക്കും. കെട്ടിട നിര്‍മാണം, പഴയ കെട്ടിടങ്ങളുടെ ആധുനികവത്കരണം, സൗണ്ട് സിസ്റ്റം, വാഹങ്ങള്‍, വിശ്രമാശ്രമം, ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ലൈബ്രറി, റിസര്‍ച്ച് സെന്റര്‍, പ്രസിദ്ധീകരണം, വിഭവ സമാഹരണം തുടങ്ങി ഏഴ് കോടിയുടെ ബഹുമുഖ പദ്ധതികളാണ് സഖാഫി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

മുഴുവന്‍ സഖാഫികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.