Connect with us

Gulf

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢോജ്വല തുടക്കം

Published

|

Last Updated

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യുന്നു

അബുദാബി: 28-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢോജ്വല അബുദാബി പ്രദര്‍ശന നഗരിയില്‍ തുടക്കം. യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. 3500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പുസ്തക നഗരി.

അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മേള.

830 സെമിനാറുകള്‍, ശില്‍ പശാലകള്‍, വിപുലമായ ഒരു സാംസ്‌കാരിക പരിപാടി, ലോകമെമ്പാടുമുള്ള രചയിതാക്കളും പ്രസിദ്ധീകരണ വിദഗ്ധരുമായി സംവാദം എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക വൈജ്ഞാനിക വികസന മന്ത്രാലയം, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇമാറാത്തി സ്‌കോളേഴ്‌സ് ഡവലപ്മെന്റ് പ്രോഗ്രാം, നാഷണല്‍ മീഡിയ കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനദിനം കുട്ടികളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. യു എ ഇ യിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളാണ് പുസ്തകോത്സവത്തിന് എത്തിയത്. ഇന്ത്യ ഉള്‍പ്പെടെ 63 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മെയ് ഒന്നിന് അവസാനിക്കും.

പുസ്തകമേളയിലെ ഇന്ത്യന്‍ പവലിയന്‍ യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യന്‍ പവലിയന്‍
ഉദ്ഘാടനം ചെയ്തു

പുസ്തകോത്സവത്തില്‍ ഒരുക്കിയ ഇന്ത്യന്‍ പവലിയന്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. സിറാജ്, നാഷണല്‍, പുസ്തകം ഉള്‍പ്പെടെയുള്ള നിരവധി പ്രസാധക കമ്പനികളുടെ സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ മുന്‍നിര എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ്.

സിറാജ് പവലിയന്‍ സ്ഥാനപതി സന്ദര്‍ശിക്കുന്നു

സിറാജ് പവലിയന്‍
സ്ഥാനപതി ഉദ്ഘാടനം ചെയ്തു

പുസ്തകോത്സവത്തില്‍ സിറാജ് ദിനപത്രം ഒരുക്കിയ പവലിയന്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. സിറാജിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ സ്ഥാനപതി പ്രവര്‍ത്തനങ്ങളില്‍ പിന്തുണ വാഗ്ദാനം ചെയ്തു. റാശിദ് പൂമാടം, കരീം തങ്ങള്‍, സമീര്‍ കല്ലറ, സിബി കടവില്‍ എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest