ട്രംപ് സര്‍ക്കാറിന് തിരിച്ചടി ഡി എ സി എ നിയമം തുടരണം

Posted on: April 26, 2018 6:29 am | Last updated: April 26, 2018 at 12:32 am

വാഷിംഗ്ടണ്‍: മതിയായ രേഖകളില്ലാതെ കുടിയേറിയ പ്രായപൂര്‍ത്തിയാകാത്ത വിദേശികള്‍ക്ക് അമേരിക്കയില്‍ സംരക്ഷണം ഉറപ്പാക്കുന്ന ഡി എ സി എ നിയമം പിന്‍വലിക്കാനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡി എ സി എ) നിയമം തുടരണമെന്ന് യു എസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.

ഡി എ സി എ ഒഴിവാക്കാനുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഡി എച്ച് എസ്) തീരുമാനവും വാദവും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വിധിന്യായത്തില്‍ കൊളംബിയ ഡിസ്ട്രിക്റ്റ് ഫെഡറല്‍ ജഡ്ജി ജോണ്‍ ബെയ്റ്റ്‌സ് വ്യക്തമാക്കി. ഡി എ സി എ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ ഉത്തരവിടുന്ന മൂന്നാമത്തെ ഫെഡറല്‍ ജഡ്ജിയാണ് ബെയ്റ്റ്‌സ്.

മതിയായ രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ പ്രായപൂര്‍ത്തിയെത്താത്തവര്‍ക്ക് യു എസില്‍ സംരക്ഷണം ഉറപ്പാക്കി ഒബാമ ഭരണകൂടം കൊണ്ടുവന്ന നിയമമാണ് ഡി എ സി എ. 2012 ജൂണിലാണ് നിയമം കൊണ്ടുവന്നത്. നിയമത്തിന് കീഴിലുള്ളവരെ ‘ഡ്രീമേഴ്‌സ്’ എന്നാണ് വിളിക്കുന്നത്. ഡി എ സി എ നിയമ പ്രകാരം യു എസില്‍ എട്ട് ലക്ഷം പേര്‍ താമസിക്കുന്നുവെന്നാണ് കണക്ക്. ഈ കുടിയേറ്റക്കാര്‍ക്ക് രണ്ട് വര്‍ഷം കഴിഞ്ഞാ ല്‍ പുതുക്കാവുന്ന തൊഴില്‍ വിസയാണ് യു എസ് അധികൃതര്‍ അനുവദിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ വിസ അനുവദിക്കൂ.

വിസ അനുവദിച്ച ശേഷം ഇത്തരക്കാര്‍ അറസ്റ്റിലായാല്‍ അവരെ മാതൃരാജ്യത്തേക്ക് കയറ്റി വിടും. 500 ഡോളറാണ് അപേക്ഷയുടെ ചെലവ്. ഡി എ സി എ നിയമ പ്രകാരം മെക്‌സികോയില്‍ നിന്നുള്ളവരാണ് അമേരിക്കയില്‍ കൂടുതലും. ഇവരില്‍ തന്നെ നാലില്‍ ഒന്നും കാലിഫോര്‍ണിയയിലാണ്. പെറു, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് പ്രധാന കുടിയേറ്റം. എണ്ണായിരത്തോളം ഇന്ത്യക്കാരും ഈ നിയമപ്രകാരം യു എസിലുണ്ട്.

കുടിയേറ്റ വിരുദ്ധതയുമായി അധികാരത്തിലെത്തിയ ട്രംപ് ഭരണകൂടം തുടക്കം മുതല്‍ തന്നെ ഡി എ സി എ പദ്ധതിക്കെതിരെ നീക്കം ആരംഭിച്ചിരുന്നു. നിയമം റദ്ദാക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഡി എ സി എ എടുത്തുകളയുന്നതിനെതിരെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയക്ക് പുറമേ, 15 സ്റ്റേറ്റുകള്‍ യു എസ് ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നു.