ഉന്നിന് മുമ്പ് ട്രംപ് ഇന്നിനെ കാണും

Posted on: April 26, 2018 6:24 am | Last updated: April 26, 2018 at 12:29 am

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ പരമാധികാരി കിം ജോംഗ് ഉന്നുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ കണ്ടേക്കുമെന്ന് സൂചന.

നാളെ കിം ജോംഗ് ഉന്നും മൂണും പങ്കെടുക്കുന്ന ഉച്ചകോടി നടക്കുകയാണ്. അതില്‍ ചരിത്രപരമായ തീരുമാനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷമാണ് ട്രംപ്- ഉന്‍ കൂടിക്കാഴ്ച.

ഉന്നുമായി കൂടിക്കാഴ്ചക്കെത്തുന്നതിന് മുമ്പ് മൂണുമായുള്ള ആശയവിനിമയം ട്രംപ് ആഗ്രഹിക്കുന്നുവെന്ന വിവരം ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. മെയ് അവസാനമോ ജൂണ്‍ ആദ്യമോ ട്രംപ്- ഉന്‍ കൂടിക്കാഴ്ച നടന്നേക്കും. ഈ കൂടിക്കാഴ്ചയുടെ ഭാവി സംബന്ധിച്ച് നിര്‍ണായകമാണ് നാളെ നടക്കുന്ന കൊറിയന്‍ ഉച്ചകോടി.

ആണവ, മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഉന്‍ നടത്തിയ പ്രഖ്യാപനം അമേരിക്ക സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഉത്തര കൊറിയയുടെ അന്തിമ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തത വരിക നാളത്തെ ഉച്ചകോടിക്ക് ശേഷമായിരിക്കും.
ഉച്ചകോടിയില്‍ ദക്ഷിണ കൊറിയ സ്വീകരിക്കുന്ന നിലപാടുകള്‍ അതിനെ സ്വാധീനിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് മൂണിനെ കാണാന്‍ ട്രംപ് താത്പര്യം പ്രകടിപ്പിക്കുന്നത്. ഈ കൂടിക്കാഴ്ച വാഷിംഗ്ടണില്‍ വെച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊറിയന്‍ ഉച്ചകോടിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും സംബന്ധിച്ച വിവരണം ട്രംപുമായി മൂണ്‍ പങ്കുവെക്കുമെന്നും ദക്ഷിണ കൊറിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ ഉച്ചകോടി കഴിഞ്ഞ ഉടനെ ട്രംപും മൂണും ടെലിഫോണില്‍ സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.