ഡോക്ടര്‍ കഫീല്‍ ഖാന്‍ ഫാസിസത്തിന്റെ ഇര

Posted on: April 26, 2018 6:00 am | Last updated: April 25, 2018 at 11:00 pm

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുമ്പിലെ ചോദ്യചിഹ്നമാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കാനിടയായ ദുരന്തത്തില്‍ കുറ്റമാരോപിക്കപ്പെട്ട് യു പി പോലീസ് അറസ്റ്റ് ചെയ്ത ശിശുരോഗവിഭാഗം തലവനായിരുന്ന ഡോ. കഫീല്‍ ഖാന്‍ താന്‍ ചെയ്ത കുറ്റമെന്തെന്നറിയാതെ ഏഴ് മാസമാണ് ജയിലില്‍ ദുരിതജീവിതം നയിച്ചത്. ഇന്നലെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. അദ്ദേഹം അടുത്തിടെ എഴുതിയ കത്ത് എതൊരു മനസ്സിനെയും നൊമ്പരപ്പെടുത്താതിരിക്കില്ല.

ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ നിലച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടികള്‍ മരിച്ചത് 2007 ആഗസ്റ്റ് 10നും 11 നുമായിരുന്നു. ആശുപത്രി അധികൃതര്‍ പണമടക്കാത്തതിനെ തുടന്ന് ഏജന്‍സികള്‍ സിലിന്‍ഡര്‍ വിതരണം നിര്‍ത്തിയതോടെയാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ നിലച്ചത്. രോഗം മൂര്‍ഛിച്ചു ശ്വാസം കിട്ടാതെ കുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നത് കണ്ടപ്പോള്‍, ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നയാളെ ഡോ. കഫീല്‍ഖാന്‍ പലതവണ ബന്ധപ്പെട്ടു. കുടിശ്ശിക തന്നു തീര്‍ക്കാതെ സിലിന്‍ഡര്‍ നല്‍കില്ലെന്നായിരുന്നു ഏജന്‍സിയുടെ മറുപടി. പണം മുന്‍കൂറായി തന്നാല്‍ സിലിന്‍ഡറുകള്‍ തരാമെന്ന് ഒരു വിതരണക്കാരന്‍ സമ്മതിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരനെ കൊണ്ട് സ്വന്തം അക്കൗണ്ടില്‍ നിന്ന് 10,000 രൂപ എ ടി എമ്മില്‍ നിന്ന് പിന്‍വലിപ്പിച്ചാണ് ഡോക്ടര്‍ സിലിന്‍ഡറുകള്‍ വാങ്ങിച്ചത്. സിലിന്‍ഡര്‍ എത്തുന്നത് വരെ അദ്ദേഹവും ജൂനിയര്‍ ഡോക്ടര്‍മാരും ചേര്‍ന്നു അംബു ബാഗുകള്‍ കൊണ്ട് കുട്ടികളുടെ ജീവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്തു. സ്വന്തം കാറെടുത്തു സുഹൃത്തിന്റെ ക്ലിനിക്കില്‍ പോയി അവിടെയുണ്ടായിരുന്ന മൂന്ന് സിലിന്‍ഡറുകളും ഡോക്ടര്‍ കൊണ്ടു വന്നു.

”ദൈവമയച്ചതാണ് ഈ മനുഷ്യനെ. അദ്ദേഹം കൂടിയില്ലായിരുന്നുവെങ്കില്‍ ഒരു കൂഞ്ഞും അവശേഷിക്കില്ലായിരുന്നു” വെന്നാണ് അന്ന് ഡോ. കഫീല്‍ മുഹമ്മദിനെ ചൂണ്ടി രക്ഷപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘മറ്റു ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടപ്പോഴും കഫീല്‍ ഖാന്‍ തന്റെ മനഃസാന്നിധ്യവും പ്രതീക്ഷയും കൈവിട്ടില്ല. അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നതെന്ന് സംഭവങ്ങള്‍ക്ക് സാക്ഷിയായ ആശുപത്രി ജീവനക്കാരന്‍ ഗൗരവ് ത്രിപാദി പറഞ്ഞതായി ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

ഇതൊക്കെയായിട്ടും യോഗി സര്‍ക്കാര്‍ കൂഞ്ഞുങ്ങളുടെ മരണത്തിന്റെ ഉത്തരവാദിത്തം കഫീല്‍ഖാന്റെ മേല്‍ ചാര്‍ത്തിയത് എത്ര ക്രൂരമാണ്. ഡോക്ടറുടെ സേവന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന് അഭിനന്ദന പ്രവാഹം എത്തുകയും ചെയ്തതോടെയാണ് മറ്റു എട്ട് ജീവനക്കാര്‍ക്കൊപ്പം ഡോക്ടര്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടച്ചത്. ആശുപത്രി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ മുഖം കെട്ടപ്പോള്‍, ഡോക്ടറുടെ സേവനം ദേശീയ ശ്രദ്ധ നേടിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തീരെ ഇഷ്ടപ്പെട്ടില്ല. ദുരന്ത വിവരമറിഞ്ഞു ആശുപത്രി സന്ദര്‍ശിക്കാനെത്തിയ യോഗി ആദിത്യനാഥ് ഡോക്ടറോട് ചോദിച്ചു: ‘നിങ്ങളാണോ ഡോ. കഫീല്‍? സിലിന്‍ഡര്‍ എത്തിച്ചത് നിങ്ങളായിരുന്നോ? ഇതുമൂലം നിങ്ങളൊരു ഹീറോ ആയെന്നാണോ വിചാരം?’ നമുക്ക് കാണാമെന്ന് ദ്വേഷ്യത്തോടെ പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി അന്ന് ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതും. അഭിനന്ദനവും പാരിതോഷികവും അര്‍ഹിക്കുന്ന ഒരു നല്ല കാര്യം ചെയ്തതിന് യോഗി നല്‍കിയ പ്രതിഫലം!

ജയിലിനകത്തും ഡോക്ടര്‍ക്ക് കൊടിയ പീഡനമാണ് നേരിട്ടത്. ജയിലിലെ ദുരിതപൂര്‍ണ ജീവിതത്തെ തുടര്‍ന്നു രോഗ ബാധിതനായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ജയില്‍ അധികൃതരുടെ ചികിത്സാ നിഷേധത്തെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടതിനെ തുടര്‍ന്ന്, കഫീല്‍ ഖാനെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്കെത്തിച്ചപ്പോള്‍ അദ്ദേഹം തന്നെയാണ് ജയിലിലെ ദുരനുഭവങ്ങളെക്കുറിച്ച് മാധ്യമ ലോകത്തോട് പറഞ്ഞത്. എന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് ഒരു കത്തിലൂടെ കാര്യങ്ങള്‍ അദ്ദേഹം പുറംലോകത്തെത്തിച്ചത്.
ആതുര ശുശ്രൂഷയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. രാജ്യത്ത് ശിശുമരണനിരക്ക് ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇവിടെയാണ്. കേരളത്തില്‍ ആയിരം പേര്‍ക്ക് 12 എന്ന തോതിലാണ് ശിശുമരണ നിരക്കെങ്കില്‍ യു പിയില്‍ 50 ആണ.് 2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് സംസ്ഥാനത്ത് 15 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 25 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എട്ട് ശതമാനത്തോളം കുറയുകയാണ് ചെയ്തത്. ആരോഗ്യ മേഖലയെ ഭഗവാന്‍ വന്ന് രക്ഷിക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് പരിഹാരം പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു ദുരന്തവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ യു പി ഹൈക്കോടതിയുടെ വിമര്‍ശം. ഈയൊരു സാഹചര്യത്തില്‍ നല്ല മനസ്സിന്റെ ഉടമയായ ഒരു ഡോക്ടര്‍ രോഗികള്‍ക്ക് തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വന്നാല്‍ അദ്ദേഹത്തെ പിടിച്ചു അഴിക്കുളളില്‍ അടക്കുകയാണെങ്കില്‍ എങ്ങനെയാണ് ആ സംസ്ഥാനം രക്ഷപ്പെടുക. കഫീല്‍ ഖാന്‍ ഒരു മുസ്‌ലിമാണെന്ന വശം കൂടിയുണ്ട് അദ്ദേഹത്തിനെതിരായ യോഗി സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന കാര്യവും കാണാതിരുന്നു കൂടാ.