ഐ സി എഫ് ആരോഗ്യ ബോധവത്കരണ സെമിനാര്‍ 27ന്

Posted on: April 25, 2018 8:44 pm | Last updated: April 25, 2018 at 8:44 pm

കുവൈത്ത്: ഐ സി എഫ്. ജി സി തലത്തില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്യാമ്പയിനായ ഹെല്‍ത്തോറിയത്തിന്റെ ഭാഗമായി കുവൈത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ സെമിനാര്‍ മെയ് 27ന് വൈകീട്ട് ആറു മുതല്‍ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ നടക്കുമെന്ന് ഐ സി എഫ് കുവൈത്ത് പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, അര്‍ബുദം, വൃക്കരോഗങ്ങള്‍, മറവിരോഗം, തുടങ്ങിയ മെറ്റാബോളിക് രോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്, കൃത്യമായ ആഹാരക്രമം പാലിച്ചാല്‍ ആരോഗ്യ നഷ്ടമോ, കൂടുതല്‍ സാമ്പത്തിക നഷ്ടമോ കൂടാതെ രോഗത്തില്‍ നിന്ന് മുക്തി നേടാം. ഇത്തരത്തില്‍ ലോകാടിസ്ഥാനത്തില്‍ വര്‍ത്തമാനകാലത്ത് പ്രചുരപ്രചാരം നേടി വരുന്ന ഒരു ഡയറ്റ് സിസ്റ്റമാണ് എല്‍ സി എച്ച് എഫ് (Low Carb High fat Ketogenic Diet). കുവൈത്തിലെ പൊതുസമൂഹത്തിനിടയില്‍ എല്‍ സി എച്ച് എഫ് ആദ്യമായി പരിചയപ്പെടുത്തുകയാണ് ഐ സി എഫ്.

സെമിനാറില്‍ പ്രശസ്ത എല്‍ സി എച്ച് എഫ് ഗവേഷകരായ ഹബീബ് റഹ്മാന്‍, ഡോ. ഉമര്‍, ഡോ. സജികുമാര്‍ എന്നിവര്‍ എല്‍ സി എച്ച് എഫ് ഭക്ഷണരീതിയും അതുമൂലമുണ്ടാകുന്ന ഗുണങ്ങളും സംബന്ധമായി വിശദീകരിക്കും. തുടര്‍ന്ന് ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും

പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഏരിയകളില്‍ നിന്നും വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.