മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയം കളിക്കരുത്: കോടിയേരി ബാലക്യഷ്ണന്‍

Posted on: April 25, 2018 2:24 pm | Last updated: April 25, 2018 at 7:55 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിറകെ മനുഷ്യാവകാശ കമ്മീഷനെതിരെ കടുത്ത വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഒരു രാഷ്ടീയക്കാരനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ലന്ന് കോടിയേരി പറഞ്ഞു. അങ്ങനെയാണെങ്കില്‍ അദ്ദേഹം സ്ഥാനം രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതാണ് നല്ലതെന്നും ഇദ്ദേഹം പറഞ്ഞു.

വാരാപ്പുഴയിലെ കസ്റ്റഡി മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹന്‍ദാസിനെതിരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത വിമര്‍ശമുയര്‍ത്തിയിരുന്നു. കമ്മീഷന്‍ അവരുടെ ചുമതലയാണ് നിര്‍വഹിക്കുന്നതെന്ന ഓര്‍മ്മ വേണമെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വാരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം ത്യപ്തികരമല്ലെന്നും അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.