ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ജി സി സി രാജ്യങ്ങള്‍ മുന്നിട്ടിറങ്ങുന്നു

മേഖല അപകടകരമായ സാഹചര്യത്തിലെന്ന്
Posted on: April 25, 2018 6:10 am | Last updated: April 26, 2018 at 9:34 pm

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജി സി സി രാജ്യങ്ങള്‍ മുന്നിട്ടിറങ്ങുന്നു. നിലവിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ ജി സി സി രാജ്യങ്ങള്‍ തീരുമാനിച്ചതായി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ജാറല്ല വ്യക്തമാക്കി. ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ മേഖല വളരെ അപകടരമായ രീതിയിലേക്കാണ് എത്തുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ജാറല്ല കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാവശ്യമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. നിലവിലെ ഈ വിടവ് തുടര്‍ന്നുപോയാല്‍ ഗള്‍ഫ് മേഖല അധികം വൈകാതെ വലിയ അപകടത്തിലേക്കെത്തും. ഇപ്പോള്‍ തന്നെ ജി സി സി രാജ്യങ്ങള്‍ സംയുക്തമായി നടപ്പാക്കേണ്ടിയിരുന്ന പല പദ്ധതികളും പ്രശ്‌നം മൂലം താളം തെറ്റിയിരിക്കുകയാണ്. ഗള്‍ഫ് പ്രതിസന്ധി പ്രതീക്ഷകളെയെല്ലാം ഇല്ലാതാക്കും. ജി സി സി രാജ്യങ്ങളുടെ സ്വപ്‌നവും ആഗ്രഹവും ഐക്യവും സൗഹാര്‍ദവും സംയുക്തമുന്നേറ്റവും ഇല്ലാതാകും. നിരവധി പ്രൊജക്ടുകള്‍ ഇപ്പോള്‍ തന്നെ അനിശ്ചിതാവസ്ഥയിലാണ്. മേഖലയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലേക്ക് പ്രശ്‌നങ്ങള്‍ എത്തുന്നതിന് മുമ്പ് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെതിരെ 2017 ജൂണ്‍ അഞ്ച് മുതല്‍ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിവരികയാണ്. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.