ക്രിക്കറ്റ് ലോകകപ്പിന് ചിത്രമായി

  • 2019 ലോകകപ്പ് മത്സരം ജൂണ്‍ അഞ്ചിന്
  • ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കക്കെതിരെ
  • പാക്കിസ്ഥാനുമായുള്ള ആദ്യ മത്സരം ജൂണ്‍ 16ന്
Posted on: April 25, 2018 6:05 am | Last updated: April 25, 2018 at 12:07 am

ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ്ഡു പ്ലസിസ് (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂണ്‍ അഞ്ചിന് ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ദക്ഷിണാഫ്രിക്കക്കെതിരെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍ )ഫൈനലിനുശേഷം 15 ദിവസം കഴിഞ്ഞു മാത്രമേ രാജ്യാന്തര മല്‍സരം നടത്താന്‍ പാടുള്ളുവെന്ന ലോധ കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കൊല്‍ക്കത്തയില്‍ നടന്ന അഞ്ചു ദിവസത്തെ ഐസിസി യോഗത്തിലാണ് ലോകകപ്പ് മത്സരക്രമം സംബന്ധിച്ച് തീരുമാനമായത്. ഇംഗ്ലണ്ടില്‍ 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. വെയ്ല്‍സിലെയും 12 വേദികളിലായി മത്സരങ്ങള്‍ നടക്കുക.

2011ലെ ചാംപ്യന്‍മാരും 2015ലെ സെമി ഫൈനലിസ്റ്റുകളുമായ ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ടീം. ഓരോ ടീമുകളും ഒന്‍പത് ഗ്രൂപ്പ് മല്‍സരങ്ങള്‍ കളിച്ച ശേഷം ഏറ്റവും മുന്നിലുള്ള നാലു ടീമുകളായിരിക്കും നോക്കൗട്ടില്‍ പ്രവേശിക്കുക.

1999നു ശേഷം ആദ്യമായാണു ബ്രിട്ടനില്‍ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. 1975, 79, 83 വര്‍ഷങ്ങളിലെ ലോകകപ്പുകള്‍ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഐസിസിയുടെ ഗ്ലാമര്‍ ടൂര്‍ണമെന്റുകളില്‍ ആദ്യ മല്‍സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാകാറാണു പതിവ്. 2015 ലോകകപ്പിലും 2017 ചാംപ്യന്‍സ് ട്രോഫിയിലും ഇതായിരുന്നു രീതി. എന്നാല്‍ 2019 ലോകകപ്പില്‍ ഇതില്‍ മാറ്റം വരും.

അടുത്ത വര്‍ഷത്തെ ഐപിഎല്‍ മാര്‍ച്ച് 29 ന് ആരംഭിച്ച് മെയ് 19നാണ് അവസാനിക്കുന്നത്. ഇതിന് ശേഷം 15 ദിവസത്തെ വിശ്രമം താരങ്ങള്‍ക്കു ലഭിക്കില്ലെന്നതിനാലാണ് ഇന്ത്യയുടെ മത്സരം രണ്ടു ദിവസം മുന്നോട്ടാക്കിയതെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി.
പാക്കിസ്ഥാനുമായി ഇന്ത്യ ജൂണ്‍ 16ന് ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റിന്റെ മുഴുവന്‍ മത്സരങ്ങളുടെയും ഫിക്ചര്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടും.

1992 ലെ ലോകകപ്പിന് സമ്മാനമായി എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മത്സരങ്ങള്‍

ജൂണ്‍ 5 – ഇന്ത്യ-ദക്ഷിണാഫ്രിക്ക
ജൂണ്‍ 9 – ഇന്ത്യ-ഓസട്രേലിയ
ജൂണ്‍ 13 – ഇന്ത്യ-ന്യൂസിലാന്റ്
ജൂണ്‍ 16  – ഇന്ത്യ-പാക്കിസ്ഥാന്‍
ജൂണ്‍ 22  – ഇന്ത്യ-അഫ്ഗാനിസ്ഥാന്‍
ജൂണ്‍ 27  – ഇന്ത്യ-വെസ്റ്റിന്റീസ്
ജൂണ്‍ 30  – ഇന്ത്യ-ഇംഗ്ലണ്ട്
ജൂലായ് 2 – ഇന്ത്യ-ബംഗ്ലാദേശ്
ജൂലായ് 6 – ഇന്ത്യ-ശ്രീലങ്ക
ജൂലായ് 9  – ആദ്യ സെമിഫൈനല്‍
ജൂലായ് 11  – രണ്ടാം സെമിഫൈനല്‍
ജൂലായ് 14  – ഫൈനല്‍