National
ബദാമിയില്‍ സിദ്ധരാമയ്യയെ നേരിടാന്‍ ബി ജെ പിയുടെ യുവനേതാവ്

ബെംഗളുരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബദാമി മണ്ഡലത്തില്‍ ബി ശ്രീരാമലു എം പി ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇന്നലെ രാവിലെയാണ് പാര്‍ട്ടി ദേശീയ നേതൃത്വം ഈ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ സിദ്ധരാമയ്യയും ശ്രീരാമലുവും ഇന്നലെ ഉച്ചയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ബദാമി കൂടാതെ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ശ്രീരാമലു ചിത്രദുര്‍ഗ ജില്ലയിലെ മൊളകല്‍മുരു മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലും പറന്നെത്താന്‍ ശ്രീരാമലു ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ആരായാലും വിജയം തനിക്ക് തന്നെയായിരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബദാമിയില്‍ കൂടി മത്സരിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് ബദാമി മണ്ഡലം. 2013ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബി ബി ചിമ്മനക്കട്ടി 27,136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ചിമ്മനക്കട്ടിക്ക് 57,446 വോട്ടുകളും എതിര്‍സ്ഥാനാര്‍ഥി ബി ജെ പിയിലെ എം കെ പട്ടാനഷെട്ടിക്ക് 30,310 വോട്ടുകളും ലഭിച്ചു.
നിലവില്‍ ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ് ശ്രീരാമലു. നേരത്തെ ബെല്ലാരി ജില്ലയിലെ സീറ്റ് ശ്രീരാമലു ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അംഗീകരിച്ചിരുന്നില്ല. പകരം ശ്രീരാമലുവിനെ മൊളക്കല്‍മുരുവില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍, ബദാമിയില്‍ കൂടി സിദ്ധരാമയ്യ അങ്കത്തിനിറങ്ങിയതോടെയാണ് യുവനേതാവ് ശ്രീരാമലുവിനെ രംഗത്തിറക്കാന്‍ ബി ജെ പി തീരുമാനിച്ചത്. ശ്രീരാമലുവിനെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബദാമിയില്‍ കൂടി മത്സരിപ്പിക്കാനുള്ള തീരുമാനം.
അനധികൃത ഖനന കേസില്‍ ജാമ്യം ലഭിച്ച ജനാര്‍ദന റെഢ്ഡിയുടെ സുഹൃത്തായ ശ്രീരാമലുവിന് ബി ജെ പി കേന്ദ്ര നേതൃത്വം കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നാണ് സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തമാക്കുന്നത്.