‘ഹരിത’ സംസ്ഥാന പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: April 25, 2018 6:02 am | Last updated: April 24, 2018 at 11:42 pm
മുഫീദ തസ്‌നി

അരീക്കോട്: രൂക്ഷമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എം എസ് എഫിന്റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുഫീദ തസ്‌നിയെ സസ്‌പെന്‍ഡ് ചെയ്തു. മുസ്‌ലിം ലീഗിന് തുടര്‍ച്ചയായി തലവേദനയുണ്ടാക്കുന്ന യുവനേതാവിനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്.

കൊല്ലം ജില്ലയില്‍ ഹരിതയുടെ കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് നടപടി. കൊല്ലം ജില്ലയില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ അനുമതിയോടെ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഹരിത കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാല്‍ മുജാഹിദ് പക്ഷക്കാരിയായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിക്ക് വഴങ്ങാത്തവള്‍ ജില്ലാ പ്രസിഡന്റായതോടെ ഫേസ്ബുക്കിലൂടെ മുഫീദ തസ്‌നി കമ്മിറ്റിക്കെതിരെ രംഗത്തുവരികയായിരുന്നു. ഇതോടെയാണ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി മുഫീദ തസ്‌നിയെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കം ചെയ്തത്. മുസ്‌ലിം ലീഗിന് ‘ഹരിത’ തലവേദന സൃഷ്ടിക്കുന്നതായി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുയരുന്നതിനിടെയാണ് നടപടി.

ഹരിത സംഘടന പാര്‍ട്ടിക്ക് യോജിക്കാത്ത അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ടെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. വനിതാ ലീഗ് നിലനില്‍ക്കേ ‘ഹരിത’ സംഘടയുടെ ആവശ്യമില്ലെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. എന്നാല്‍ ലീഗിലെ മുജാഹിദ് വിഭാഗക്കാരായ നേതാക്കളുടെ പിന്‍ബലത്തോടെയാണ് ഹരിത സംഘടക്ക് അനുമതി നല്‍കിയത്.