യു പി സ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും

Posted on: April 25, 2018 6:26 am | Last updated: April 24, 2018 at 11:34 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ നാലര ലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും. വിവിധ നിറങ്ങളിലെ 23 ലക്ഷം മീറ്റര്‍ തുണിയാണ് ഹാന്റക്‌സും ഹാന്‍വീവും ഇതിനായി തയ്യാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഹാന്റക്‌സും മറ്റു ജില്ലകളില്‍ ഹാന്‍വീവുമാണ് യൂനിഫോം തയ്യാറാക്കി വിതരണം ചെയ്യുന്നത്. രണ്ട് ജോഡി യൂനിഫോമാണ് ഒരു വിദ്യാര്‍ഥിക്ക് നല്‍കുന്നത്.

യൂനിഫോം വിതരണ പ്രവര്‍ത്തനം നടക്കുന്ന തിരുവനന്തപുരം ഊറ്റുകുഴിയിലെ ഹാന്റക്‌സ് ഗോഡൗണ്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ സന്ദര്‍ശിച്ചു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് തൊഴിലാളികളും ജീവനക്കാരും നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള തുണിയാണ് യൂനിഫോമിനായി തയ്യാറാക്കിയിരിക്കുന്നത്. യൂനിഫോം തയ്യാറാക്കിയതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളാണ് നൂല്‍ ലഭ്യമാക്കിയത്. നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. ആയിരം തറികള്‍ പുതുതായി സ്ഥാപിച്ചു. നേരത്തെ പ്രതിദിനം 200 രൂപ ലഭിച്ചിരുന്ന തൊഴിലാളിക്ക് ഇപ്പോള്‍ 400 മുതല്‍ 600 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒമ്പതര ലക്ഷം മീറ്റര്‍ യൂനിഫോം തുണിയാണ് വിതരണം ചെയ്തത്. മൂന്ന് മാസം കൊണ്ടായിരുന്നു അന്ന് തുണി നെയ്‌തെടുത്തത്. ഈ വര്‍ഷം നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹാന്റക്‌സിന്റെ വാഹനത്തില്‍ തന്നെയാണ് പരമാവധി സ്ഥലങ്ങളില്‍ യൂനിഫോം എത്തിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ 3555 സ്‌കൂളുകളിലാണ് ഹാന്റക്‌സ് യൂനിഫോം എത്തിക്കുന്നത്. 11 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിനായി തയ്യാറാക്കിയത്.