സഭാ തര്‍ക്കം വീണ്ടും തെരുവ് യുദ്ധത്തിലേക്ക്

സുപ്രീം കോടതി വിധി: യാക്കോബായ സഭക്ക് 400 പള്ളികള്‍ നഷ്ടമായേക്കും
Posted on: April 25, 2018 6:22 am | Last updated: April 24, 2018 at 11:26 pm

കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും കൈയാങ്കളിയിലേക്ക് നീങ്ങുന്നു. ഏപ്രില്‍ 19ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയാണ് സഭാതര്‍ക്കം വീണ്ടും തെരുവിലേക്കെത്തുന്നതിന് കാരണമായിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതിവിധി അംഗീകരിക്കാനാകിെല്ലന്ന നിലപാടിലാണ് യാക്കോബായ കക്ഷി. കോടതി വിധി അനുസരിച്ച് സംസ്ഥാനത്തെ സിംഹാസന, ക്‌നാനായ, സുവിശേഷ സമാജം എന്നീ പള്ളികള്‍ക്ക് മാത്രമേ നിലവില്‍ വിധി ബാധിക്കാതെയുള്ളൂ. യാക്കോബായ സഭയുടെ കീഴിലുള്ള 400 പള്ളികള്‍ കോടതി ഉത്തരവിലൂടെ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലേക്ക് പോകാനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. കോടതിവിധിക്കെതിരെ ഇനി അപ്പിലിന് പോകാന്‍ അവസമുണ്ടെങ്കിലും വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാര്‍ തന്നെയാണ് റിവ്യൂ ഹര്‍ജിയും കേള്‍ക്കുന്നത്. അതിനാല്‍ അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത വിരളമാണ്.

പിറവം കോലഞ്ചേരി എന്നിയുള്‍പ്പെടെ മൂന്ന് പള്ളികളുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി വന്നിരിക്കുന്നതെങ്കിലും ഇത് എല്ലാ പള്ളികള്‍ക്കും ബാധകമാണെന്ന വിധത്തിലാണ് ഉത്തരവ്. ശവസംസ്‌കാര ചടങ്ങുകള്‍ മുതല്‍ എല്ലാ വിശ്വാസ സംബന്ധമായ കാര്യങ്ങളിലും ഇപ്പോള്‍ തന്നെ തര്‍ക്കങ്ങള്‍ ഉടലെടുത്തുകഴിഞ്ഞു. കോടതി ഉത്തരവ് കിട്ടുന്ന മുറക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളികളില്‍ അവകാശവാദമുന്നയിക്കുന്നതോടെ സംസ്ഥാനത്ത് വീണ്ടും സഭാതര്‍ക്കം വിശ്വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് പോകും. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അവകാശവാദങ്ങളെ വിശ്വാസികളെ അണിനിരത്തി പ്രതിരോധിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. ഇരു സഭകളും വേര്‍പിരിയാതിരുന്ന 1934ലെ ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് സുപ്രിം കോടതിയുടെ വിധി. ഇതനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ് പള്ളികളുടെ ഭരണം. വിശ്വാസികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് യാക്കോബായ സഭക്കാണ് മുന്‍തൂക്കം. അതിനാല്‍ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതോടെ വിശ്വാസികള്‍ കൂടുതലുള്ള തങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് യാക്കോബായ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍, അതാത് സ്ഥലത്തെ വിശ്വാസികളില്‍ നിന്നും ഹിത പരിശോധന നടത്തിവേണം പള്ളികളുടെ നിയന്ത്രണം ഏത് സഭക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നാണ് യാക്കോബായ കക്ഷികളുടെ ആവശ്യം.

അതേസമയം, പള്ളികളില്‍ ഭരണം പിടിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസിനെ ആശ്രയിക്കുന്നതോടെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടാകും. സഭാ തര്‍ക്കത്തില്‍ ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന തര്‍ക്കം കോടതി വിധിയോടെ സംസ്ഥാന വ്യപകമാകും. യാക്കോബായ സഭയുടെ അഭിമാനമായ പിറവം സെന്റ് മേരീസ് സുറിയാനി പള്ളി എതിര്‍ഭാഗം എറ്റെടുക്കുന്നതിനോട് വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുമെന്നതും പോലീസിന് തലവേദനയാകും. സംസ്ഥാനത്ത് യാക്കോബായ സഭക്ക് ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള എടവകയാണ് പിറവം. ചരിത്രപ്രാധാന്യമുള്ള പള്ളി ഏറ്റെടുക്കുന്നതിന് ഓര്‍ത്തഡോക്‌സ് സഭക്ക് പോലീസിന്റെ സഹായം അനിവാര്യമാണ്.