വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ ആര്‍ എസ് എസ് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു: മുഖ്യമന്ത്രി

Posted on: April 25, 2018 6:20 am | Last updated: April 24, 2018 at 11:23 pm

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആര്‍ എസ് എസ് ആയിരുന്നു ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തലപൊക്കാന്‍ കഴിയുന്നില്ല. ഇവര്‍ ജമ്മുവിലുണ്ടായ ക്രൂരമായ സംഭവത്തെ മറ്റൊരു രീതിയില്‍ ഇളക്കിവിടാനാണ് ശ്രമിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഭിന്നിപ്പിക്കാനായിരുന്നു ആര്‍ എസ് എസ് ശ്രമിച്ചത്. ഇതിനായി അവര്‍ ഇളക്കിവിടുന്നത് മറ്റൊരു കൂട്ടരെയാണ്. നാടിനെ എങ്ങനെ കലാപത്തിലേക്ക് തള്ളിവിടാന്‍ കഴിയുമെന്ന് അവര്‍ ആലോചിക്കുന്നു. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാനുളള ബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമ്മുവിലുണ്ടായ ക്രൂരമായ സംഭവത്തെ ന്യായീകരിക്കാന്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ തയ്യാറാകുന്നു. മതനിരപേക്ഷത തകര്‍ക്കാനുള്ള വര്‍ഗീയ മനസ്സ് വളര്‍ത്തുന്നു. ഒരു പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തി കൊന്നിട്ട് ന്യായീകരിക്കുന്നു. ആര്‍ എസ് എസ് നേതൃത്വമാണ് ബി ജെ പി സര്‍ക്കാറിനെ നിയന്ത്രിക്കുന്നത്. മതനിരപേക്ഷത തകര്‍ക്കാന്‍ അവര്‍ നേതൃത്വം നല്‍കുന്നു. പാര്‍ലിമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. പരമോന്നത നീതിപീഠത്തിലെ സീനിയര്‍ ജഡ്ജിമാരെ അടക്കം കുറ്റപ്പെടുത്തുന്നു. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിനു പോലും പാര്‍ലിമെന്റില്‍ അനുവദിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നു. പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വേദി വേണം. പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിട്ടതോടെ ഇത് ഇല്ലാതായി. പകരം രൂപവത്കരിച്ച നീതി ആയോഗ് ഒരു ഉദ്യോഗസ്ഥ സംവിധാനം മാത്രമാണ്. സംസ്ഥാനങ്ങളില്‍ ഉള്ളവരെയും തിരഞ്ഞെടുത്തത് ജനങ്ങളാണ്. സംസ്ഥാന സര്‍ക്കാറിന് മാത്രമേ സംസ്ഥാനത്തിന്റെ ആശയങ്ങള്‍ മുന്നോട്ട് വെക്കാന്‍ കഴിയൂ. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കേന്ദ്രം പ്രവര്‍ത്തിക്കണം. പ്രധാനമന്ത്രി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണം. എന്നാല്‍ സര്‍വകക്ഷി സംഘത്തിന് തന്നെ കാണാനുള്ള അനുമതി പോലും പ്രധാനമന്ത്രി നല്‍കുന്നില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ടി ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി പങ്കെടുത്തു.