യു എ ഇക്കു പുറത്ത് യു എ ഇ എക്‌സ്‌ചേഞ്ചിന്റെ പേര് യൂണിമണി; ഫിനേബ്ലര്‍ ഹോള്‍ഡിംഗ് കമ്പനിക്കു കീഴില്‍

Posted on: April 24, 2018 10:41 pm | Last updated: April 24, 2018 at 10:41 pm
ഫിനേബ്ലര്‍ ഹോള്‍ഡിംഗ് കമ്പനിയുടെയും യൂണിമണി ബ്രാന്‍ഡിന്റെയും പ്രഖ്യാപനം ഡോ. ബി ആര്‍ ഷെട്ടി, ബിനയ് ഷെട്ടി, പ്രമോദ് മങ്ങാട്ട് എന്നിവര്‍ ദുബൈയില്‍ നടത്തിയപ്പോള്‍

ദുബൈ: യു എ ഇ എക്‌സ്‌ചേഞ്ച് അടക്കം തന്റെ ഉടമസ്ഥതയിലുള്ള എല്ലാ ധനവിനിമയ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഫിനേബ്ലര്‍ എന്ന പേരില്‍ ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കുന്നതായി ഡോ. ബി ആര്‍ ഷെട്ടി ദുബൈയില്‍ വാര്‍ത്താലേഖകരെ അറിയിച്ചു. യു എ ഇക്കു പുറത്ത് എല്ലാ യു എ ഇ എക്‌സ്‌ചേഞ്ചുകളും ഇനി യൂണിമണി എന്ന പേരില്‍ അറിയപ്പെടും. ട്രാവലക്‌സ് അടക്കമുള്ള മറ്റു സ്ഥാപനങ്ങളുടെ പേരില്‍ മാറ്റമില്ല. അതേസമയം ധനവിനിമയ സ്ഥാപനങ്ങളെല്ലാം ഫിനേബ്ലറിന്റെ കീഴിലായിരിക്കും. അധികൃതരുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് യുണൈറ്റഡ് കിങ്ഡം കേന്ദ്രമായി നിലവില്‍ വരുന്ന ‘ഫിനേബ്ലര്‍’ കമ്പനിയുടെ മേല്‍നോട്ടത്തില്‍, യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ സാമ്പത്തിക വിനിമയ ബ്രാന്‍ഡുകളാണ് വരിക. കൂടുതല്‍ ദിശാബോധവും ഏകോപനവും രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുവാന്‍ പാകത്തില്‍ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉത്പന്നങ്ങളും ഉപയോഗപ്പെടുത്തും. ധനവിനിമയ വ്യവസായത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ അവതരിപ്പിക്കും. ഈ മേഖലയില്‍ മികച്ച നിക്ഷേപവും ഏറ്റെടുക്കല്‍ നടപടികളും വര്‍ധിപ്പിക്കും. ഇതിനായി പ്രത്യേക ഗവേഷണ വികസന പ്രക്രിയകള്‍ തന്നെ ഏര്‍പ്പെടുത്തും. പല ദശകങ്ങള്‍ കൊണ്ട് വിവിധ ബ്രാന്‍ഡുകളിലൂടെ നേടിയ സത്കീര്‍ത്തിയും വൈദഗ്ധ്യവും പ്രശംസാര്‍ഹമായ പരിചയസമ്പത്തും ഫിനേബ്ലര്‍ വഴി ബ്രാന്‍ഡുകള്‍ക്കിടയില്‍ പകര്‍ത്തുകയും പങ്കിടുകയും ചെയ്യുന്നതോടൊപ്പം വ്യക്തിതലത്തിലും സ്ഥാപനമെന്ന നിലയിലും നിര്‍ബാധം ഇതിന്റെ ഗുണഫലങ്ങള്‍ സന്നിവേശിപ്പിക്കാനും ലക്ഷ്യമിടുന്നു.

നാല്പതിലേറെ വര്‍ഷങ്ങളിലെ വ്യവസായ പരിചയവും പതിനെട്ടായിരത്തിലേറെ ജീവനക്കാരും പ്രതിവര്‍ഷം 15 കോടി ഇടപാടുകളുമുള്ള ഘടക സ്ഥാപനങ്ങള്‍ മുഖേന ഫിനേബ്ലര്‍ ഹോള്‍ഡിങ് കമ്പനിക്ക് തുടക്കത്തില്‍ തന്നെ ആകര്‍ഷകമായ ആഗോളമുഖം കൈവരികയാണ്. ശാഖാശൃംഖലയിലൂടെയും ഏജന്റുമാരിലൂടെയും ഡിജിറ്റല്‍ ചാനലുകളിലൂടെയും മൊത്തത്തില്‍ ഏകദേശം നൂറു കോടി ജീവിതങ്ങളെയാണ് ഫിനേബ്ലര്‍ ബ്രാന്‍ഡുകള്‍ സഹായിക്കുന്നത്. 45 രാജ്യങ്ങളില്‍ നേരിട്ടും 165 രാജ്യങ്ങളില്‍ ശൃംഖലകള്‍ വഴിയും യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങള്‍ സേവനം നല്‍കിവരുന്നു. പുതിയ സാങ്കേതിക നേട്ടങ്ങളെ ധനകാര്യ സേവനങ്ങള്‍ക്കായി വിനിയോഗിച്ചും കൂടുതല്‍ ഉദ്ഗ്രഥനം നടത്തിയും സമ്പദ്ഘടനയെ ശക്തമാക്കുകയാവും ‘ഫിനേബ്ലര്‍’ മുന്നോട്ടുവെക്കുന്ന വളര്‍ച്ചയുടെ മുഖ്യനയം.

നാളെയിലേക്കു നോക്കുന്ന ഉപയോക്താക്കള്‍ക്ക് ധനവിനിമയ വ്യവസായത്തില്‍ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത സേവനം അപ്പപ്പോള്‍ നല്കുന്നതിനാണ് ഫിനേബ്ലര്‍ ലക്ഷ്യമാക്കുന്നതെന്നും നാല്‍പതാണ്ടുകളിലൂടെ ആര്‍ജിച്ച ജനവിശ്വാസവും സ്വീകാരവുമാണ് നിരന്തരമായ നവീകരണത്തിന്റെ ഊര്‍ജമെന്നും ഫിനേബ്ലര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി ആര്‍ ഷെട്ടി പറഞ്ഞു.

ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന വിധത്തില്‍ മൂല്യവത്തും സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തണമെങ്കില്‍ കാലോചിതമായ സാങ്കേതിക നവീകരണങ്ങള്‍ അനിവാര്യമാണെന്നും ആ നേട്ടം കൈവരിക്കാന്‍ ഉതകുന്ന വലിയ നിക്ഷേപങ്ങളാണ് തങ്ങളുടെ നെറ്റ്വര്‍ക്ക് സ്ഥാപനങ്ങളില്‍ ഏര്‍പെടുത്തുന്നതെന്നും ഫിനേബ്ലര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനയ് ഷെട്ടി വ്യക്തമാക്കി. ഫലത്തില്‍ ജീവനക്കാരിലും പ്രക്രിയകളിലും സാങ്കേതികതയിലും സമൂലമായ മികവ് ഇതുവഴി സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങളില്‍ ‘ഇന്നൊവേഷന്‍ ഹബ്’ (ഐ – ഹബ്) സ്ഥാപിക്കുമെന്നും ഇവ വ്യവസായത്തിലെ പുതുപ്രവണതകളും സാധ്യതകളും കണ്ടെത്തി നവീന പരിപാടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. യു എഇ എക്‌സ്‌ചേഞ്ച് പ്രഖ്യാപിച്ച 250-300 മില്യണ്‍ ഡോളറിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് അക്വീസിഷന്‍ പ്ലാനുകള്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും ബിനയ് ഷെട്ടി പ്രത്യാശ പ്രകടിപ്പിച്ചു.
പണവിനിമയ രംഗത്തെ വിവിധ സേവനവിഭാഗങ്ങളില്‍ ഉപയോക്താക്കളുടെ നിറഞ്ഞ സ്വീകാരം ഏറ്റുവാങ്ങിയ യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങള്‍ വഴി മാറ്റുരച്ചു നേടിയ പരിചയ സമ്പത്താണ് ഇപ്പോള്‍ യു കെ കേന്ദ്രമായി ഒരു ഹോള്‍ഡിങ് കമ്പനിക്കു പ്രേരണയായതെന്നും ഫിനേബ്ലര്‍ ആവിഷ്‌കരിക്കുന്ന ഐ – ഹബുകള്‍ വഴി സ്വയം നവീകരിക്കുക മാത്രമല്ല, ഉചിതമായ പങ്കാളിത്തത്തിലൂടെയും വിജ്ഞാന സഹകരണത്തിലൂടെയും പ്രസ്തുത വ്യവസായത്തെ ഗുണപരമായി ഉയര്‍ത്തുകയുമാണ് ഉദ്ദേശ്യമെന്നും ഫിനേബ്ലര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രമോദ് മങ്ങാട്ട് വിശദീകരിച്ചു.

യൂണിവേഴ്‌സല്‍ മണിയെന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് യൂണിമണി ഉപയോഗിക്കുന്നത്. യു എ ഇ എക്‌സ്‌ചേഞ്ചിന്റെ യശസ്സും സേവനമികവും പരിപാലിക്കുന്ന വിധം വിപുലമായ ധനവിനിമയ സേവന ശ്രേണിയാണ് ‘യൂണിമണി’യും ഉറപ്പുനല്‍കുന്നതെന്നും പ്രമോദ് മങ്ങാട് പറഞ്ഞു.