അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സഞ്ചാരത്തിന്റെ ഭാവനാ ലോകമൊരുക്കി ശുറൂഖ്

Posted on: April 24, 2018 10:39 pm | Last updated: April 24, 2018 at 10:39 pm
എ ടി എമ്മില്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവലിയനിലെ കേരള സ്റ്റാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തിയപ്പോള്‍

ദുബൈ: ലോകത്തിലെ മുന്‍നിര ട്രാവല്‍ ആന്‍ഡ് ടൂറിസം മേളകളിലൊന്നായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ വേറിട്ട അനുഭവങ്ങളൊരുക്കി സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്). ഷാര്‍ജയിലെ പ്രശസ്തമായ വിനോദ കേന്ദ്രമായ മെലീഹയുടെ സഞ്ചാരാനുഭവങ്ങള്‍ വെര്‍ച്ച്വല്‍ റിയാലിറ്റി സംവിധാനത്തിലൂടെ സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് നേരിട്ടനുഭവിക്കാം. മെലീഹയിലെ മരുഭൂമിയിലൂടെ ഡെസേര്‍ട് സഫാരി നടത്തുന്നതും ഫോസില്‍ റോക്കുകളിലൂടെ സഞ്ചരിക്കുന്നതും രാത്രിയിലെ ആകാശ നിരീക്ഷണവുമെല്ലാം നേരിട്ടെന്ന പോലെ അനുഭവിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആകാശത്തിലെയും മരുഭൂമിയിലെയും ആര്‍ക്കിയോളജി സെന്ററിന് അകത്തൂടെയുമെല്ലാമുള്ള അനുഭവങ്ങള്‍ സമ്മേളിക്കുന്ന പുത്തന്‍ അനുഭവം നേരിട്ടറിയാന്‍ നിരവധി സന്ദര്‍ശകര്‍ ശുറൂഖ് സ്റ്റാളില്‍ എത്തുന്നുണ്ട്.

മെലീഹക്ക് പുറമെ ഹാര്‍ട്ട് ഓഫ് ഷാര്‍ജ പ്രദേശത്തു ഒരുങ്ങുന്ന അല്‍ ബെയ്ത് ഹോട്ടല്‍, കല്‍ബ കിങ്ഫിഷര്‍ ലോഡ്ജ്, അല്‍ ബദായര്‍ ഒയാസിസ് തുടങ്ങിയ നിരവധി വരുംകാല പദ്ധതികളെക്കുറിച്ചും ഷാര്‍ജ നല്‍കുന്ന നിക്ഷേപ സൗകര്യങ്ങളെക്കുറിച്ചും ശുറൂഖ് മേളയില്‍ വിശദീകരിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്‍നിര ടൂറിസം വിദഗ്ദര്‍ പങ്കെടുക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന്റെ ഇരുപത്തിയഞ്ചാമതു പതിപ്പാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്നത്.