മൂന്നാമത് ബെറ്റ് മിഡില്‍ ഈസ്റ്റ് ഉച്ചകോടിക്ക് അബുദാബിയില്‍ തുടക്കം

Posted on: April 24, 2018 10:36 pm | Last updated: April 24, 2018 at 10:36 pm

അബുദാബി: ഉന്നത സാങ്കേതിക വിദ്യകളുടെ സമന്വയത്തോടെ മികച്ച വിദ്യാഭ്യാസ അന്തരീക്ഷമൊരുക്കുന്നതിന് പാകത്തിലുള്ള ആശയങ്ങളുടെ ചര്‍ച്ചാ വേദിയായ ബെറ്റ് മിഡില്‍ ഈസ്റ്റ് ലീഡര്ഷിപ് സമ്മിറ്റിന് അബുദാബിയില്‍ തുടക്കം. നവ കാലക്രമത്തിലെ വിദ്യാഭ്യാസ പ്രകൃയയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യക്കുള്ള പങ്കിനെ കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. അന്തരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായ മന്ത്രിമാര്‍, സാങ്കേതിക വിദഗ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ വിവിധ ചര്‍ച്ച സംഗമങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ആഗോള തലത്തില്‍ പ്രശസ്തമായ ഡിജിറ്റല്‍ സാങ്കേതികതയിലൂന്നിയ ക്ലാസ്സ് റൂം പഠന രീതികളുടെ പ്രദര്‍ശനങ്ങളും സമ്മിറ്റിനൊപ്പം ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ 20 രാജ്യങ്ങളില്‍ നിന്നായി 125 ലധികം പ്രതിനിധികളാണ് എത്തുക. നാലാമത് വ്യാവസായിക വിപ്ലവത്തില്‍ വിദ്യാഭ്യാസം കൊണ്ട് വിജയം നേടുക എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം. സായിദ് വര്‍ഷാചരണങ്ങളുടെ ഭാഗമായി രാജ്യത്തേക്ക് കൂടുതല്‍ സാങ്കേതിക വിദ്യയിലൂന്നിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ആധുനിക വല്‍ക്കരിക്കുന്നതിനും സമ്മേളന പ്രമേയം ലക്ഷ്യം വെക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ സംഭാവനകള്‍ ആര്‍പിച്ചിട്ടുള്ളവര്‍ക്ക് ഏര്‍പെടുത്തിയ പുരസ്‌കാര ദാന ചടങ്ങോടെ ഉച്ചകോടി ഇന്ന് സമാപിക്കും.

ഉച്ചകോടിയില്‍ പ്രബന്ധമവതരിപ്പിക്കാന്‍
മലയാളി ഐ ടി അധ്യാപികയും

സിമി മോള്‍

ദുബൈ: അബുദാബിയില്‍ ആരംഭിച്ച ബെറ്റ് മിഡില്‍ ഈസ്റ്റ് ഉച്ചകോടിയില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി അധ്യാപികയും. ദുബൈ അമിറ്റി സ്‌കൂള്‍ ഐ ടി വിഭാഗം മേധാവിയും കോട്ടയം സ്വദേശിനിയുമായ സിമിമോളാണ് വിദ്യാഭ്യാസ പ്രക്രിയയെ കോഡിങ് സംവിധാനം കൂടുതല്‍ മികവുറ്റതാക്കുന്നതിനെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കുക. മികച്ച കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഒരുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് നവ കാലക്രമത്തിലെ അധ്യാപന രീതികള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള പുതിയ ആശയങ്ങളും ചടങ്ങില്‍ ഇവര്‍ പങ്ക് വെക്കും. ദുബൈ അലെംക്കോ കമ്പനിയില്‍ എഞ്ചിനീറിങ് മാനേജറായ റൈജോ ജെയിംസ് ആണ് ഭര്‍ത്താവ്. ആഷിക മെറിന്‍, ഐദന്‍ ജെയിംസ് റൈജോ എന്നിവര്‍ മക്കളാണ്.