ലിഗയുടെ മൃതദേഹം ഓട്ടോഡ്രൈവര്‍ തിരിച്ചറിഞ്ഞു; ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും മൊഴി

Posted on: April 24, 2018 7:17 pm | Last updated: April 24, 2018 at 9:11 pm

തിരുവനന്തപുരം: കോവളത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ ലാത്#വിയന്‍ സ്വദേശി ലിഗയുടേത് തന്നെയാണെന്ന് ലിഗയെ കോവളത്ത് കൊണ്ടുവിട്ട ഓട്ടോ ഡ്രൈവര്‍ ഷാജി. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞെങ്കിലും മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് താന്‍ കാണുമ്പോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നും മൊഴിയിലുണ്ട്. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദത്തിന് കൂടുതല്‍ ശക്തിലഭിച്ചിരിക്കുകയാണ്. സ്വാഭാവിക മരണമെന്ന പൊലീസ് വാദത്തിനും ഷാജിയുടെ മൊഴി തിരിച്ചടിയാണ്.

ഓട്ടോയില്‍ കയറുമ്പോള്‍ ലിഗയുടെ വേഷം വേറെയായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം അവരുടേതാണെന്ന് തനിക്ക് തോന്നുന്നില്ല. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവര്‍ പുതിയ ജാക്കറ്റ് വാങ്ങുമെന്ന് കരുതുന്നില്ലെന്നും ഷാജി പറഞ്ഞു. മരുതുംമൂട് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ അവരെ കോവളത്താണ് താന്‍ ഇറക്കിയത്. തനിക്ക് അവര്‍ 800 രൂപ തന്നുവെന്നും ഒരു സിഗരറ്റ് പാക്കല്ലാതെ മറ്റൊന്നും അവരിലുണ്ടായിരുന്നില്ലെന്നും ഷാജി വ്യക്തമാക്കി.

ലിഗ ധരിച്ച ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇലീസ് സ്‌ക്രൊമേനും നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ലിഗ ആത്മഹത്യ ചെയ്തതോ അപകടത്തില്‍പ്പെട്ടതോ അല്ലെന്നും വിഷം ഉള്ളില്‍ ചെന്നതിന് തെളിവില്ലെന്നുമാണ് ഇലീസ് ചൂണ്ടിക്കാട്ടിയത്. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ സ്ഥലത്തെത്താനാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് ഇലീസ് പറയുന്നത്.

ലിഗയുടെ മരണം അന്വേഷിക്കുന്ന സംഘത്തില്‍ മൂന്ന് എസ് പിമാരെക്കൂടി ഉള്‍പ്പെടുത്തി അംഗബലം 25 ആക്കി വിപുലീകരിച്ചതിന് പിന്നാലെയാണ് പുതിയ മൊഴി. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തെക്കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതാണ് വിശദമായ അന്വേഷണം നടത്താനുള്ള പൊലീസ് തീരുമാനത്തിനു പിന്നില്‍.