Kerala
വരാപ്പുഴ കസ്റ്റഡി മരണം: ശ്രിജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടംബം ഹൈക്കോടതിയെ സമീപിച്ചു. നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ചൂണ്ടിക്കാട്ടി ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
സമയപരിധി നിശ്ചയിച്ച് ശ്രീജിത്തിന്റെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറാം തീയതി രാത്രി 10.30നാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറമ്പില്‍ വീട്ടില്‍ ശ്രീജിത്തിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ സ്വദേശിയായ വാസുദേവന്റെ വീട് ആക്രമിച്ചുവെന്നതാണ് ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും കസ്റ്റഡിയിലെടുക്കുന്നതിന് കാരണമായി പറഞ്ഞത്. കസ്റ്റഡിയിലെടുത്ത സമയം മുതല്‍ തുടര്‍ച്ചയായി പോലീസ് മര്‍ദിച്ചെന്നും ഹരജിയില്‍ പറയുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ശ്രീജിത്ത് കഴിഞ്ഞ ഒമ്പതിനാണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് വരാപ്പുഴ എസ് ഐ ദീപക്, റൂറല്‍ എസ് പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സില്‍ അംഗങ്ങളായിരുന്ന സന്തോഷ് കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഗൂഢാലോചനയില്‍ മുഖ്യ പങ്കുള്ള എറണാകുളം റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജ്, പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം എന്നിവരുള്‍പ്പെടെ സ്വാധീനശക്തിയുള്ള പോലീസ് ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് ഒഴിവാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ പോലീസിന് ശരിയായ അന്വേഷണം നടത്താനാകില്ലെന്നും അന്വേഷണം സി ബി ഐക്ക് വിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അടിവയറ്റില്‍ ചവിട്ടി
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അടിയവയറ്റില്‍ എസ് ഐ ദീപക് ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് ശ്രീജിത്തിനൊപ്പം വീടാക്രമണ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവര്‍ വ്യക്തമാക്കി. വയറുവേദനയെടുത്ത് കരഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസുകാര്‍ തയ്യാറായില്ലെന്നതുള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് അവര്‍ മാധ്യമങ്ങള്‍ക്കു മുമ്പെ അവതരിപ്പിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ മര്‍ദിച്ചതാകാം മുഖത്തും മറ്റും കണ്ട പാടുകള്‍. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ആരാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ലെന്നും അറസ്റ്റിലായവര്‍ പറഞ്ഞു. വരാപ്പുഴയില്‍ വീടാക്രമിച്ചുവെന്ന കേസില്‍ ജയിലിലായിരുന്ന ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്, നിതിന്‍, ഗോപന്‍, വിനു എന്നിവരടക്കം ഒമ്പത് പേരാണ് ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.