Connect with us

Kerala

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കാര്യമായ അഴിച്ചു പണിക്ക് സാധ്യതയില്ല

Published

|

Last Updated

തിരുവനന്തപുരം: അടുത്ത മാസം ആദ്യവാരം രൂപവത്കരിക്കുന്ന സി പി എം സെക്രട്ടേറിയറ്റില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകാന്‍ സാധ്യതയില്ല. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടേറിയറ്റ് രൂപവത്കരണം നടക്കും. ഇപ്പോള്‍ 14 അംഗ സെക്രട്ടേറിയറ്റാണ് നിലവിലുള്ളത്. 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റാണ് നിലവിലുണ്ടായിരുന്നത്. ഇതില്‍ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എന്നിവരുടെ പേരുകളാണ് സെക്രട്ടേറിയറ്റിലേക്ക് സജീവമായി പരിഗണിക്കുന്നത്. കെ രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെങ്കില്‍ യു പി ജോസഫിനെ തൃശൂര്‍ ജില്ലാ സെക്രട്ടറിയാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരുവനന്തപുരത്തു നിന്ന് കടകംപള്ളി സുരേന്ദ്രനെയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെയും പരിഗണിക്കുന്നുണ്ട്. ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുകയാണെങ്കില്‍ വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാവും.
വനിതയെ പരിഗണിക്കുകയാണെങ്കില്‍ ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലുള്ള ടി എന്‍ സീമയാവും സെക്രട്ടേറിയറ്റിലെത്തുക. ദളിത് വിഭാഗത്തില്‍ നിന്ന് ഒരാളെക്കൂടി പരിഗണിച്ചാല്‍ കെ സോമപ്രസാദ് എം പി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തും. എസ് ശര്‍മക്ക് വിനയാവുക വി എസുമായുള്ള അടുത്ത ബന്ധമാണ്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമായുള്ള അടുപ്പമാകും പി രാജീവിനു വിനയാവുക.

ബേബി മറ്റ് സംസ്ഥാന നേതാക്കളെ പോലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനോടൊപ്പമല്ല നിലയുറപ്പിച്ചത്. ഇതില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട് സെക്രട്ടേറിയറ്റിലെ അംഗ സംഖ്യ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല.

ഇപ്പോള്‍ സെക്രട്ടേറിയറ്റിലുള്ള ഭൂരിപക്ഷം പേരും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, എം എം മണി, ടി പി രാമകൃഷ്ണന്‍, കെ ജെ തോമസ് എന്നിവരാണ് കേന്ദ്ര കമ്മിറ്റിയില്‍ ഇല്ലാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്ക്, പി കെ ശ്രീമതി, പി കരുണാകരന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം എന്നിവര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പല കേന്ദ്ര കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റിലില്ല. എന്നാല്‍, അവര്‍ക്കും സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാം. അഭിപ്രായം പറയാനും അവസരമുണ്ട്.

---- facebook comment plugin here -----

Latest