ലിഗയുടെ മരണം: കരഞ്ഞുപറഞ്ഞിട്ടും സഹായം ലഭിച്ചില്ലെന്ന് സഹോദരി

കൊലപാതകമാണെന്ന് സഹോദരി; പോലീസിന് ഗുരുതര വീഴ്ചയെന്നും കുടുംബം  
Posted on: April 23, 2018 10:10 pm | Last updated: April 24, 2018 at 10:01 am
ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇല്‍സിയും പത്ര സമ്മേളനത്തില്‍

തിരുവനന്തപുരം: കോവളത്ത് ലാത്‌വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്‍ കൊല്ലപ്പെട്ടത് തന്നെയാണെന്ന ആരോപണത്തിലുറച്ച് ഭര്‍ത്താവും സഹോദരിയും. സാഹചര്യ തെളിവുകളെല്ലാം അതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും ലിഗയുടെ സഹോദരി ഇല്‍സി ആവശ്യപ്പെട്ടു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റക്ക് എത്തിച്ചേരാനാവില്ല. ആരോ ലിഗയെ ഇവിടെ എത്തിച്ചതാവാം. ഇക്കാര്യം വ്യക്തമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ലിഗയുടെ സഹോദരി ഇല്‍സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ് അന്വേഷണം തുടക്കത്തില്‍ ഫലപ്രദമായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തി. ലിഗയെ കാണാതായി പത്താം ദിവസമാണ് കേസ് ഗൗരവമായെടുത്തത്. ആദ്യ ദിവസങ്ങളില്‍ കരഞ്ഞുപറഞ്ഞിട്ടും ഔദ്യോഗികതലത്തില്‍ സഹായം ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡി ജി പിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പോലീസില്‍ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുത്. മരണം ആത്മഹത്യയാണെന്ന് വിധിയെഴുതുകയാണെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ കേരള മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്നും ഇല്‍സി പറഞ്ഞു.

ലിഗ വിഷക്കായ കഴിച്ചെന്ന നിഗമനം തള്ളിക്കളഞ്ഞ ഇല്‍സി് സഹോദരിയുടെ തിരോധനം അന്വേഷിക്കുന്നതില്‍ ഗുരുതരമായ പാളിച്ചയാണ് പോലീസില്‍ നിന്നുണ്ടായതെന്നും ആരോപിച്ചു. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. സഹോദരിയെ കാണാതായി പത്ത് ദിവസം കഴിഞ്ഞ ശേഷമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് തന്നെ. കുറച്ചു നേരത്തെ ഇക്കാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷേ സഹോദരിയെ ജീവനോടെ കണ്ടെത്താന്‍ സാധിക്കുമായിരുന്നുവെന്നും ഇല്‍സി പറഞ്ഞു.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഇന്ത്യയില്‍ ആദ്യമായി എത്തിയ ലിഗ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിചേര്‍ന്നു. ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞു. മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ലെന്ന് ആവര്‍ത്തിക്കുന്നു. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളിക്കളയുന്നു. കോട്ടയത്ത് നിന്ന് കാണാതായ ജസ്‌ന എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും സമാനമായ അലംഭാവമാണ് ഉണ്ടായതെന്നാണ് അവരുടെ പിതാവില്‍ നിന്നറിഞ്ഞതെന്നും സഹോദരി ആരോപിച്ചു.

അതേസമയം, അന്വേഷണത്തില്‍ എല്ലാ പിന്തുണയും നല്‍കിയ മലയാളികള്‍ക്കു ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് നന്ദി പറഞ്ഞു. ഇതിന്റെ പേരില്‍ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. ലിഗയെ അന്വേഷിക്കുമ്പോള്‍ ഇതിലേറെ സ്‌നേഹവും നന്മയുമൊന്നും വേറെ എവിടെനിന്നും ഞങ്ങള്‍ക്കു പ്രതീക്ഷിക്കാനാകില്ല. അത്രയേറെ പിന്തുണയാണു കേരളത്തില്‍നിന്നു ലഭിച്ചതെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിനു സമീപത്തുള്ളവരോട് ഒരു അഭ്യര്‍ഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അതു പോലീസിനെ അറിയിക്കണം. പേടിച്ചു മാറി നില്‍ക്കരുത്. തങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു. അതില്‍ അസ്വാഭാവിക മരണമെന്നതു വ്യക്തമാണ്. അതിനാല്‍ത്തന്നെ പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കു പോകരുത്. എങ്ങനെയാണ് കണ്ടല്‍ക്കാട്ടില്‍ ലിഗ എത്തിയതെന്നതില്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണം വേണം. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു.