Connect with us

Gulf

വിവിധ ഭാഷകളിലുള്ള ലോകത്തെ വലിയ ബൈബിള്‍ കയ്യെഴുത്തു പ്രതി ദുബൈയില്‍ ഒരുക്കി

Published

|

Last Updated

ദുബൈ: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്തു പ്രതി ഒരുക്കി ദുബൈ സെന്റ് മേരീസ് ദേവാലയം. വിവിധ ഭാഷകളിലാണ് ഈ കയ്യെഴുത്തു പ്രതി ക്രോഡീകരിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ബൈബിള്‍ ദുബൈയില്‍ പ്രദര്‍ശനത്തിന് ഒരുക്കിയത്.

ലോകത്തെ ഏറ്റവും വലിയ റോമന്‍ കത്തോലിക്ക പാരിഷ് ഹാളുകളിലൊന്നാണ് ദുബൈ സെന്റ് മേരീസ് ദേവാലയത്തിന്റേത്. പാരിഷ് കേന്ദ്രത്തിന്റെ ജൂബിലി ആഘോഷം വ്യത്യസ്തമാക്കണമെന്ന വിശ്വാസികളുടെ അഭിപ്രായത്തില്‍ നിന്നാണ് കയ്യെഴുത്ത് പ്രതി ദുബൈയില്‍ ഒരുക്കുന്നതിന് പ്രേരണയായതെന്ന് ദേവാലയം വികാരി ഫാ. ലെന്നി ജെ എ കോനെല്ലി പറഞ്ഞു.

2016 നവംബറില്‍ വിളിച്ചു ചേര്‍ത്ത വിശ്വാസികളുടെ യോഗത്തിലായിരുന്നു ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് വിശ്വാസികളുടെ നേതൃത്വത്തില്‍ കയ്യെഴുത്തു പ്രതി ഒരുക്കുന്നതിന് തയാറെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു വെല്ലുവിളി നിറഞ്ഞ കര്‍തവ്യമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 52 ഭാഷകള്‍ സംസാരിക്കുന്ന വിശ്വാസികള്‍ ദേവാലയത്തില്‍ പ്രാര്‍ഥനക്കെത്തുന്നുണ്ട്. അവരുടെ ഭാഷകളിലുള്ള ബൈബിള്‍ കണ്ടെത്തുക എന്നതായിരുന്നു ആദ്യ പടിയെന്ന് അദ്ദേഹം വിശദീകരിച്ചു.
മൂന്ന് ലക്ഷം വിശ്വാസികളാണ് ദേവാലയത്തില്‍ എത്തുന്നത്. കയ്യെഴുത്തു പ്രതി ഒരുക്കുന്നതിനുള്ള പ്രഖ്യാപനം ചെയ്തതോടെ ഒട്ടനവധി അപേക്ഷകള്‍ വിവിധ ദേശക്കാരുടേതായി കിട്ടി. അവയില്‍ നിന്നും മികച്ചത് തിരഞ്ഞെടുത്തു 2000 പേരെ വിവിധ ഭാഷകളില്‍ കയ്യെഴുത്തു പ്രതി ഒരുക്കുന്നതിന് സജ്ജമാക്കുകയാണുണ്ടായത്.

കടലാസില്‍ എഴുതി തയ്യാറാക്കിയവ ഓരോ ഭാഷകളില്‍ നിന്നുള്ളത് തരം തിരിച്ചു പ്രത്യേകമായി പേജുകള്‍ ചേര്‍ക്കുകയായിരുന്നു. ഒരുമാസം കൊണ്ട് പൂര്‍ണ രൂപത്തിലുള്ള ബൈബിള്‍ ആക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

22 കിലോയോളം തൂക്കം വരുന്ന ബൈബിളിനെ ബൈ ന്‍ഡിങ് ജോലികള്‍ ശ്രമകരമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു.