Connect with us

Gulf

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല തുടക്കം; ശൈഖ് മക്തൂം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

എ ടി എമ്മിലെ അബുദാബി പവലിയന്‍ ദുബൈ ഉപ ഭരണാധികാരി
ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിക്കുന്നു

ദുബൈ: ലോക സഞ്ചാര മേഖലയുടെ സമഗ്ര പ്രദര്‍ശനമായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനു (എ ടി എം) ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉജ്വല തുടക്കം. ഏഷ്യ, മധ്യപൗരസ്ത്യ ദേശം, ആഫ്രിക്ക, അമേരിക്ക എന്നിങ്ങനെ ഭൂഖണ്ഡങ്ങള്‍ തിരിച്ചുള്ള ഹാളുകളില്‍ വിവിധ രാജ്യങ്ങളുടെ പവലിയന്‍ ആയിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം നിരവധി പ്രമുഖര്‍ ആദ്യ ദിവസമെത്തി. ശൈഖ് മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. അബുദാബി ടൂറിസം ഉദ്യോഗസ്ഥരായ മുഹമ്മദ് ഖലീഫ അല്‍ മുബാറക്, സുല്‍ത്താന്‍ അല്‍ മുതവ അല്‍ ദാഹിരി എന്നിവര്‍ അബുദാബി പവലിയനില്‍ ശൈഖ് മക്തൂമിനെ സ്വീകരിച്ചു. ലോകത്തിന്റെ സഞ്ചാരപാതകള്‍ കൂട്ടിമുട്ടുന്ന 150 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ സഞ്ചാര, ടൂറിസം പ്രദര്‍ശനമാണിത്. രണ്ടായിരത്തി അഞ്ഞൂറിലേറെ പ്രദര്‍ശകരും ഈ രംഗത്തെ നാല്‍പതിനായിരത്തിലേറെ പ്രഫഷനലുകളും എത്തിയിട്ടുണ്ട്. ദുബൈ എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ട വിനോദസഞ്ചാര വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ദുബൈ പവലിയനില്‍ വേള്‍ഡ് എക്‌സ്‌പോ മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എ ടി എം 25നു സമാപിക്കും. എടിഎമ്മിന്റെ ഇരുപത്തിയഞ്ചാം പതിപ്പാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡുകള്‍, എയര്‍ലൈനറുകള്‍ തുടങ്ങിയവ പങ്കെടുക്കുന്നു. 20 ശതമാനം ഹോട്ടല്‍ മേഖലക്കാണ് നീക്കിവച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സഊദി അറേബ്യക്ക് കൂറ്റന്‍ പവലിയനാണുള്ളത്.

ഇന്തോനേഷ്യയുടെയും ശ്രീലങ്കയുടെയും മറ്റും വര്‍ണശബളമാണ്. ഓരോ പവലിയനുകളും അതാത് രാജ്യങ്ങളുടെ സാംസ്‌കാരിക തനിമകള്‍ വിളിച്ചോതുന്നു. ധാരാളം റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ ടൂറിസം കമ്പനികളും പവലിയനൊരുക്കി. ഇന്ത്യന്‍ പവലിയന്‍ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest