വിടുവായിത്തം വിളമ്പി മാധ്യമങ്ങള്‍ക്ക് മസാല നല്‍കരുത്: മോദി

Posted on: April 23, 2018 6:08 am | Last updated: April 23, 2018 at 12:20 am

ന്യൂഡല്‍ഹി: എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങള്‍ക്ക് മസാല നല്‍കരുതെന്ന് ബി ജെ പി നേതാക്കള്‍ക്കും എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും നരേന്ദ്ര മോദിയുടെ ഉപദേശം. എല്ലാവരും പ്രതികരിക്കേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ അഭിപ്രായം അതിനായി നിശ്ചയിക്കപ്പെട്ട വക്താക്കള്‍ പറയും. പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ സാമൂഹിക ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തിലാണ് ചിലര്‍ സംസാരിക്കുന്നത്. ക്യാമറ കാണുമ്പോള്‍തന്നെ നിങ്ങള്‍ വായ തുറക്കുന്നു. ബോധ്യമില്ലാത്ത കാര്യങ്ങളാണ് വിളിച്ചുപറയുന്നത്- നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തെ ബി ജെ പി ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മോദിയുടെ പ്രതികരണം. ഇത്തരം വിവാദ പ്രതികരണങ്ങള്‍ വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെ പ്രതിച്ഛായയും തകര്‍ക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തെ മറ്റുള്ളവരുടെ മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനും ഇത് കാരണമാകും. ഭീകരത, ബലാത്സംഗം, മഹാഭാരതം, ഡാര്‍വിന്റെ സിദ്ധാന്തം എന്നീ വിഷയങ്ങളിലൊക്കെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനകളില്‍ ബി ജെ പി വലിയ മാനക്കേടിലായ പശ്ചാത്തലത്തിലാണ് മോദിയുടെ താക്കീത്.