ലക്ഷത്തിലധികം എന്‍ജിനീയറിംഗ് സീറ്റുകള്‍ വെട്ടിക്കുറക്കുന്നു

Posted on: April 23, 2018 6:21 am | Last updated: April 23, 2018 at 12:01 am

ന്യൂഡല്‍ഹി: രാജ്യത്തെ 1.3 ലക്ഷം എന്‍ജീനിയറിംഗ് സീറ്റുകള്‍ വെട്ടിക്കുറക്കുന്നു. ബി ടെക്, എം ടെക് കോഴ്‌സുകളിലായി 1.3 ലക്ഷം സീറ്റുകളാണ് വെട്ടിക്കുറക്കുന്നതിനാണ് ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എ ഐ സി ടി ഇ) തയ്യാറെടുക്കുന്നത്. എന്‍ജിനീയറിംഗ് മേഖലയില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതും കൃത്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതുമാണ് എ ഐ സി ടി ഇയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്. സീറ്റുകള്‍ വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ എ ഐ സി ടി ഇക്ക് ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

തങ്ങളുടെ 24000 സീറ്റുകള്‍ നിര്‍ത്തലാക്കണെമന്നാവശ്യപ്പെട്ട് 83 എന്‍ജിനീയറിംഗ് കോളജുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ 494 മറ്റ് കോളജുകള്‍ തങ്ങളുടെ കോളജുകളിലെ കോഴ്‌സുകള്‍ തന്നെ നിര്‍ത്തലാക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ 639 സ്ഥാപനങ്ങള്‍ 62,000 സീറ്റുകള്‍ കുറച്ചു തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് തന്നെ എ ഐ സി ടി ഇ തീരുമാനമെടുത്തേക്കും. അതേസമയം, കോളജുകളില്‍ നിശ്ചിത ശതമാനത്തിലധികം കുട്ടികള്‍ ഇല്ലെങ്കില്‍ ആ കോളജുകള്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുന്നതിനും ആലോചനയുണ്ട്.