Connect with us

Sports

ത്രില്ലറില്‍ ജയം ധോണിപ്പടക്ക്

Published

|

Last Updated

ഹൈദരാബാദ്: അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ത്രസിപ്പിച്ചു. നാല് റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ കിംഗ്‌സ് ആഘോഷിച്ചത്. സീസണില്‍ ചെന്നൈയുടെ നാലാം വിജയം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്നു വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ഹൈദരാബാദിന് ആറ് വിക്കറ്റിന് 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഹാട്രിക്ക് വിജയത്തിനു ശേഷം ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്. ആദ്യ 10 ഓവറുകളില്‍ ഇഴഞ്ഞു നീങ്ങിയ ചെന്നൈയെ അമ്പാട്ടി റായുഡുവും സുരേഷ് റെയ്‌നയും തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. റായുഡുവിന്റേയും (79) റെയ്‌നയുടെയും (53*) അര്‍ധസെഞ്ച്വറി മികവില്‍ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 182 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും (25*) കൈയ്യടി നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും (84) യൂസുഫ് പത്താനും (45) നടത്തിയ പോരാട്ടം റാഷിദ് ഖാനും (17*) ഏറ്റുപിടിച്ചു നോക്കിയെങ്കിലും നാല് റണ്‍സകലെ ജയം കൈവിട്ടു. 51 പന്തില്‍ അഞ്ച് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് വില്ല്യംസന്റെ ഇന്നിംഗ്‌സ്. 27 പന്ത് നേരിട്ട പത്താന്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും നേടി. നാല് പന്തില്‍ നിന്ന് രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമാണ് റാഷിദിന്റെ ഇന്നിംഗ്‌സിന് വേഗതയേകിയത്.

ചെന്നൈക്കു വേണ്ടി 37 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് റായുഡുവിന്റെ വെടിക്കെട്ട്. തന്റെ ഇന്നിങ്‌സിലെ അവസാന 16 പന്തുകളില്‍ നിന്ന് 48 റണ്‍സാണ് റായുഡു അടിച്ചുകൂട്ടിയത്. ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറും ഉള്‍പ്പടെ. ക്യാപ്റ്റന്‍ ധോണി പ്രത്യേകം പ്രശംസിച്ചു റായുഡുവിന്റെ അവസരോചിത ബാറ്റിംഗിനെ.

43 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് റെയ്‌നയുടെ നോട്ടൗട്ട് ഇന്നിംഗ്‌സ്.

12 പന്ത് നേരിട്ട ധോണി മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും നേടി. വെടിക്കെട്ട് ഓപണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കളത്തിലിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

അഞ്ച് സീസണിനിടെ ഇത് ആദ്യമായാണ് ധവാനും ഡേവിഡ് വാര്‍ണറുമില്ലാതെ ഹൈദരാബാദ് ഒരു മല്‍സരത്തിനിറങ്ങുന്നത്.
ധവാനു പകരം റിക്കി ഭൂയിയാണ് കളത്തിലിറങ്ങിയത്. എന്നാല്‍, അക്കൗണ്ട് തുറക്കുംമുമ്പ് ഭൂയിക്ക് കളംവിടേണ്ടിവന്നു.

ആദ്യ ഓവറില്‍ ടീം അക്കൗണ്ട് തുറക്കുംമുമ്പ് ദീപക് ചഹാറിന്റെ ബൗളിങില്‍ ഭൂയിയെ വാട്‌സന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
മനീഷ് പാണ്ഡെ (0), ദീപക് ഹൂഡ (1) എന്നിവരുടെ വിക്കറ്റുകളാണ് ഭൂയിക്കു പിന്നാലെ ചഹാറിന് ഇരയായത്.

പാണ്ഡെയെ കാണ്‍ ശര്‍മയുടെയും ഹൂഡയെ രവീന്ദ്ര ജഡേജയുടെ കൈകളിലുമെത്തിച്ചാണ് ചഹാര്‍ തുടക്കത്തില്‍ തന്നെ ഹൈദരാബാദിനെ ഞെട്ടിച്ചത്. എന്നാല്‍, ഒരറ്റത്ത് നിലയുറപ്പിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ശാക്വിബുല്‍ ഹസ്സനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാണ്‍ ശര്‍മയാണ് ഈ കൂട്ടുകെട്ടിനെ പിരിച്ചത്.

പിന്നീട് വില്ല്യംസിനൊപ്പം യൂസുഫ് പഠാന്‍ ഒത്തുചേര്‍ന്നതോടെ ഹൈദരാബാദിന്റെ സ്‌കോറിങിനു വേഗത കൂടി. 79 റണ്‍സിനു ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ചെന്നൈക്കു വേണ്ടി ചഹാര്‍ മൂന്നും ഷാര്‍ദുല്‍ താക്കൂര്‍, കാണ്‍ ശര്‍മ, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബ്രാവോക്ക് ധോണി നല്‍കിയ ഉപദേശം

അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ എറിയും മുമ്പ് ഡ്വെയിന്‍ ബ്രാവോക്ക് നായകന്‍ മഹേന്ദ്ര സിംഗ് ധോണി എന്ത് ഉപദേശമാണ് നല്‍കിയത്. ഉദ്വേഗഭരിതമായ മത്സരത്തിലെ അവസാന ഓവറില്‍ ഹൈദരാബാദിന് 19റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സും. നാല് പന്തില്‍ 17 റണ്‍സടിച്ച് കലി തുള്ളി നില്‍ക്കുന്ന റാഷിദ് ഖാന്‍ ചെന്നൈയെ അട്ടിമറിക്കുമെന്ന് തോന്നിപ്പിച്ചു.
എന്നാല്‍, അഞ്ചാം പന്ത് എറിയും മുമ്പ് ധോണി തന്റെ ബൗളറുടെ അടുക്കലെത്തി. രഹസ്യ സംഭാഷണം. ബ്രാവോ ബാറ്റ്‌സ്മാനെ മെരുക്കി ജയം ഉറപ്പിച്ചു. എന്തായിരുന്നു രഹസ്യം പറച്ചിലെന്ന് മത്സരശേഷം ധോണി വ്യക്തമാക്കി. ഏത് മികച്ച ബൗളര്‍ക്കും നിര്‍ണായക സമയത്ത് ചെറിയൊരു നിര്‍ദേശം ആവശ്യമായി വരും. അത് നല്‍കി അത്ര മാത്രം- ധോണി പറഞ്ഞു.