Connect with us

National

ഗോദയില്‍ വീണ്ടും മലയാളിത്തിളക്കം

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടി മലയാളികളായ മൂന്ന് സിറ്റിംഗ് എം എല്‍ എമാര്‍. ഇവരില്‍ രണ്ട് പേര്‍ നിലവില്‍ മന്ത്രിമാരാണ്. കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും നിലവില്‍ നഗര വികസന മന്ത്രിയുമായ കെ ജെ ജോര്‍ജ് ബെംഗളൂരുവിലെ സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍ നിന്നും ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി യു ടി ഖാദര്‍ മംഗളൂരു സിറ്റിയില്‍ നിന്നും വീണ്ടും ജനവിധി തേടുമ്പോള്‍ എന്‍ എ ഹാരിസ് ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്നാണ് വീണ്ടും ബലപരീക്ഷണത്തിനിറങ്ങുന്നത്.

കെ ജെ ജോര്‍ജ് മത്സരിക്കുന്ന സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍ ജനതാദള്‍ എസിലെ അന്‍വര്‍ ഷെരീഫാണ് പ്രധാന എതിരാളി. ഇവിടെ എം എന്‍ റെഡ്ഢിയെയാണ് ബി ജെ പി രംഗത്തിറക്കിയത്. 2013ല്‍ ബി ജെ പിയിലെ പത്മനാഭ റെഡ്ഢിയെ 22,853 വോട്ടുകള്‍ക്കും 2008ല്‍ ബി ജെ പിയിലെ ആര്‍ ശങ്കറിനെ 22,608 വോട്ടുകള്‍ക്കുമാണ് ജോര്‍ജ് പരാജയപ്പെടുത്തിയത്. സിദ്ധരാമയ്യ മന്ത്രിസഭയുടെ തുടക്കത്തില്‍ ആഭ്യന്തര വകുപ്പാണ് ജോര്‍ജ് കൈയാളിയത്. മംഗളൂരു ഡി വൈ എസ് പി. എം കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് 2016 ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും സെപ്തംബറില്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി.

1968ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജോര്‍ജ്, 75ല്‍ കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് ട്രഷററും 1982ല്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. 1985ല്‍ സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1985ല്‍ ഭാരതിനഗര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം വീരേന്ദ്ര പാട്ടീല്‍, ബംഗാരപ്പ മന്ത്രിസഭകളില്‍ മന്ത്രിയായി. കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് കേളചന്ദ്ര വീട്ടില്‍ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനായാണ് കെ ജെ ജോര്‍ജിന്റെ ജനനം.

കാസര്‍കോട് ഉപ്പള തുരുത്തി സ്വദേശിയാണ് യു ടി ഖാദര്‍. പിതാവ് യു ടി ഫരീദിന്റെ വഴിയെ രാഷ്ട്രീയ രംഗത്തെത്തി മിന്നുന്ന പ്രവര്‍ത്തനം കാഴ്ച വെച്ച ഖാദര്‍, പിന്നീട് എം എല്‍ എയും മന്ത്രിയുമായി. മംഗളൂരു സിറ്റി മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന ഖാദറിനെ നേരിടാന്‍ സന്തോഷ്‌കുമാര്‍ ബോളിയാറിനെണ് ബി ജെ പി രംഗത്തിറക്കിയത്. 2013ലെ തിരഞ്ഞെടുപ്പില്‍ യു ടി ഖാദര്‍ ബി ജെ പിയിലെ ചന്ദ്രഹാസ ഉള്ളാളിനെ 29,111 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

കാസര്‍കോട് മേല്‍പ്പറമ്പ് കീഴൂര്‍ സ്വദേശിയായ എന്‍ എ ഹാരിസ്, പിതാവും രാഷ്ട്രീയക്കാരനും വ്യവസായിയുമായ എന്‍ എ മുഹമ്മദിന്റെ വഴിയെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ശാന്തിനഗര്‍ മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടാനാണ് ഹാരിസിന്റെ ഇപ്പോഴത്തെ പടപ്പുറപ്പാട്. ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയിലെ ഡി യു മല്ലികാര്‍ജുനയെ 13,797 വോട്ടുകള്‍ക്കും 2013ല്‍ ബി ജെ പിയിലെ കെ വാസുദേവ മൂര്‍ത്തിയെ 20,205 വോട്ടുകള്‍ക്കുമാണ് അടിയറവ് പറയിപ്പിച്ചത്. ഇത്തവണ സപ്തഗിരി ഗൗഡയാണ് ശാന്തിനഗറില്‍ ബി ജെ പിക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. കെ ജെ ജോര്‍ജും യു ടി ഖാദറും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിരുന്നുവെങ്കിലും മകനുള്‍പ്പെട്ട കേസിന്റെ പേരില്‍ അവസാന നിമിഷമാണ് എന്‍ എ ഹാരിസിനെ പരിഗണിച്ചത്.

അഞ്ച് വര്‍ഷം ബെംഗളൂരുവില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മന്ത്രിമാരില്‍ കെ ജെ ജോര്‍ജും എം എല്‍ എമാരില്‍ എന്‍ എ ഹാരിസുമാണ് ഒന്നാമതെത്തിയത്. സന്നദ്ധ സംഘടനയായ ബെംഗളൂരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ബിപാക്) 27 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വെയെ അടിസ്ഥാനമാക്കിയാണ് എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും മാര്‍ക്കിട്ടത്.