Connect with us

Kerala

നെല്ലുത്പാദനത്തില്‍ സ്വയംപര്യാപ്തത ഏറെ അകലെ

Published

|

Last Updated

കൊച്ചി: നെല്ലുത്പാദനത്തിലെ സ്വയംപര്യാപ്തത ഇനിയും ഏറെ അകലെയാണെന്ന് കൃഷി വകുപ്പിന്റെ നിരീക്ഷണം. സംസ്ഥാനത്ത് തരിശിട്ട നിലങ്ങള്‍ ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന പദ്ധതികള്‍ ഭാഗികമായി വിജയം കാണുന്നുണ്ടെങ്കിലും നെല്ലുത്പാദനത്തിലെ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം ഏറെ അകലെയാണെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുഴുവന്‍ തരിശുഭൂമികളിലും കൃഷിയിറക്കാന്‍ ഹെക്ടറിന് 30,000 രൂപ വീതം സാമ്പത്തികസഹായം നല്‍കുന്നതുള്‍പ്പടെയുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ കൃഷി വകുപ്പ് നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നും നെല്‍കൃഷി വ്യാപനത്തെ വലിയ തോതില്‍ സഹായിച്ചിട്ടില്ല. വിള ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുകയും വിത്തിനും വളത്തിനുമുള്ള സഹായം നല്‍കുകയും നെല്ലുവില വര്‍ധിപ്പിക്കുകയും സംഭരിച്ചാല്‍ ഉടന്‍ പണം നല്‍കാന്‍ സംവിധാനമൊരുക്കുകയും ചെയ്‌തെങ്കിലും ഇതൊന്നും ഉത്പാദനത്തിന്റെ അളവ് കൂട്ടിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആവശ്യമായ നെല്ലിന്റെ 7.18 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാനാകുന്നത്. ഇപ്പോഴത്തെ അരി ഉത്പാദനം 4,36,483 ടണ്ണാണ്. ഒരാള്‍ക്ക് 485.4 ഗ്രാം ഭക്ഷ്യധാന്യം ആവശ്യമായിരിക്കെ, സംസ്ഥാനത്തെ 3,43,34,885 പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തേക്ക് 60,83,145 ടണ്‍ ആവശ്യമായി വരുമെന്നാണ് കൃഷി വകുപ്പിന്റെ ഏകദേശ കണക്ക്.

അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷമായി തരിശുനിലങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും കൃഷി ചെയ്യാത്ത നിലത്തിന്റെ വിസ്തൃതി ഏറെയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ജില്ലകളില്‍ ആകെ 46855.854 ഹെക്ടര്‍ നിലം കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുകയാണ്. തരിശുനിലങ്ങളില്‍ ഉടമസ്ഥര്‍ കൃഷി ചെയ്യുന്നില്ലെങ്കില്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി ഏറ്റെടുത്ത് നല്‍കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ ആവിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ കണക്കു പ്രകാരം നെല്‍ കൃഷി ചെയ്യാവുന്ന പ്രദേശങ്ങളുടെയും മറ്റ് തണ്ണീര്‍ത്തട മേഖലയുടെയും വിസ്തൃതി 290271 ഹെക്ടറാണ്. ഇവയില്‍ വലിയൊരളവ് തരിശിട്ടിരിക്കുകയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവമുമധികം വിസ്തൃതിയില്‍ കൃഷിയോഗ്യമായ തരിശുനിലമുള്ളത്. 23764 ഹെക്ടര്‍ നിലമാണ് ഇവിടെ തരിശിട്ടിരിക്കുന്നത്. കാസര്‍കോട്-1200, കോഴിക്കോട്-643, വയനാട്-840, മലപ്പുറം-1274, കണ്ണൂര്‍-3892, തൃശൂര്‍-5597, എറണാകുളം-600, ഇടുക്കി-430, കോട്ടയം-3300, തിരുവന്തപുരം-250, കൊല്ലം-1482, ആലപ്പുഴ-2803, പത്തനംതിട്ട-780 ഹെക്ടര്‍ എന്നിങ്ങനെയാണ് തരിശിട്ട നെല്‍കൃഷിയോഗ്യമായ ഭൂമിയുടെ കണക്ക്.

അതേസമയം, നെല്‍കൃഷിയുടെ വിസ്തൃതി 196870 ഹെക്ടറില്‍ നിന്ന് 2,20,449 ആയി വര്‍ധിച്ചുവെന്ന് കൃഷി വകുപ്പ് അവകാശപ്പെടുന്നുമുണ്ട്. പരമ്പരാഗത നെല്‍കൃഷിയിടങ്ങളെ ഏഴ് പ്രത്യേക മേഖലകളായി തിരിച്ച് സംസ്ഥാനത്ത് നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക കാര്‍ഷിക മേഖലാ പദ്ധതി രൂപവത്കരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. ഏഴ് മേഖലകളില്‍ ആറെണ്ണത്തിനും വലിയ തുകയാണ് മാറ്റിവെച്ചത്. അതേസമയം, സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് നെല്ലുത്പാദനം 21 ശതമാനം കുറഞ്ഞതായാണ് പറയുന്നത്. പലയിടത്തും നെല്‍ പാടത്തിന്റെ വിസ്തൃതി കുറയുന്നുണ്ട്. റോഡ് വികസനമുള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ കൃഷി ചെയ്തിരുന്ന നെല്‍വയലിന്റെ അളവ് വലിയ തോതിലാണ് കുറയുന്നതെന്ന് പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടുന്നു. കൃഷിയിറക്കാതെ കിടന്ന് തരിശിട്ട് ഒടുവില്‍ സംസ്ഥാനത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന കുട്ടനാട്ടില്‍പ്പോലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നെല്‍പ്പാടങ്ങളുടെ വിസ്തൃതി 13,000 ഹെക്ടര്‍ കുറഞ്ഞതായാണ് കണക്ക്. 1989ലെ കണക്കുപ്രകാരം ആലപ്പുഴയും കോട്ടയവും പത്തനംതിട്ടയുമടങ്ങുന്ന കുട്ടനാടന്‍ മേഖലയില്‍ 59,304 ഹെക്ടറിലായിരുന്നു നെല്‍കൃഷി. 2016ല്‍ 46,388 ഹെക്ടറായി ചുരുങ്ങി. ആലപ്പുഴയില്‍ 28543 ഹെക്ടറും കോട്ടയത്ത് 15,989 ഹെക്ടറും പത്തനംതിട്ടയില്‍ 1946 ഹെക്ടറുമാണ് വിസ്തൃതി. 1990കള്‍ക്ക് ശേഷം വര്‍ഷത്തില്‍ ഒറ്റ കൃഷിയിലേക്ക് കുട്ടനാട് മാറി. രണ്ട് കൃഷി ചെയ്യുന്ന പാടങ്ങള്‍ ആലപ്പുഴയില്‍ 26 ശതമാനം മാത്രമാണെന്നും മറ്റ് സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest