Connect with us

Gulf

ദുബൈയുടെ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറ്റം

Published

|

Last Updated

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കിയത് മൊത്ത-ചില്ലറ വ്യാപാര മേഖലയും ഗതാഗത-സംഭരണ മേഖലയും.

2016ല്‍ 37,900 കോടി ദിര്‍ഹമുണ്ടായിരുന്ന ആഭ്യന്തര ഉത്പാദന വളര്‍ച്ച കഴിഞ്ഞ വര്‍ഷം 38,900 ദിര്‍ഹമായി വര്‍ധിച്ചു. മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 26.6 ശതമാനവും ചില്ലറ വ്യാപാര മേഖലയില്‍ നിന്നാണ്. ട്രാന്‍സ്‌പോര്‍ടേഷന്‍-സ്റ്റോറേജ് മേഖലയില്‍ നിന്ന് 11.8 ശതമാനവും നേടി. വിദേശ വ്യാപാരത്തിലൂടെയാണ് ചില്ലറ വ്യാപാര മേഖല കൂടുതല്‍ വളര്‍ച്ച കൈവരിച്ചതെന്ന് ദുബൈ സ്റ്റാറ്റിസ്റ്റിക് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആരിഫ് അല്‍ മെഹൈരി പറഞ്ഞു. മൊത്തം ഇറക്കുമതിയും പുനര്‍കയറ്റുമതിയും 2016നേക്കാള്‍ 2017നെ താരതമ്യപ്പെടുത്തുമ്പോള്‍ 2.2 ശതമാനം വളര്‍ന്നു. വ്യാപാര മേഖലയില്‍ മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പങ്കാണ് ദുബൈക്കുള്ളതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ആരിഫ് അല്‍ മെഹൈരി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന നിരക്കില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാനമാണ് ദുബൈക്കുള്ളത്. മധ്യപൗരസ്ത്യ മേഖലയിലെ തന്നെ സുപ്രധാന വ്യാപാര ഹബ്ബാണ് ദുബൈ. മുന്‍ വര്‍ഷങ്ങളില്‍ എണ്ണവിലയിടിവ് പലരെയും തളര്‍ത്തിയെങ്കിലും ദുബൈയെ അതൊന്നും ബാധിച്ചില്ല.

രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന പ്രവര്‍ത്തികളാണ് യു എ ഇ ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത്. ധന വിനിമയ സേവനവും ഇന്‍ഷ്വറന്‍സ് മേഖലയുമാണ് ദുബൈയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ മൂന്നാമത് പങ്കുവഹിക്കുന്നത്. നാലാം സ്ഥാനത്തുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും കാര്യമായ നേട്ടം കൊയ്യാന്‍ ദുബൈക്കായി.

മുന്‍ വര്‍ഷം ആഗോള നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തില്‍ ചില്ലറ വ്യാപാര മേഖലയില്‍ ദുബൈ ശക്തമായ വളര്‍ച്ച നേടുമെന്ന്. ആഗോള റിയല്‍ എസ്റ്റേറ്റ് സര്‍വീസായ സാവില്‍സ് സര്‍വേ വ്യക്തമാക്കിയിരുന്നു.

2020ഓടെ ദുബൈയിലെ ചില്ലറ വ്യാപാര മേഖലയില്‍ 5,200 കോടി ഡോളറിലധികം വില്‍പനയുണ്ടാകുമെന്നും എട്ട് ശതമാനത്തില്‍ കൂടുതല്‍ ശരാശരി വാര്‍ഷിക വളര്‍ച്ച നേടുമെന്നും പ്രവചിക്കപ്പെടുന്നു.

2020 ഓടെ വര്‍ഷം തോറും രണ്ടുകോടി വിനോദ സഞ്ചാരികളെയും 30,000 കോടി ദിര്‍ഹം വരുമാനവുമെന്ന ലക്ഷ്യം നേടാന്‍ ദുബൈ പ്രാപ്തി നേടിയതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വരുമാനത്തില്‍ ഏറിയപങ്കും ചില്ലറ വ്യാപാര മേഖലയില്‍ നിന്നായിരിക്കും.

വളരുന്ന സാമ്പത്തിക അഭിവൃദ്ധിയും സ്ഥിരതയുള്ള ജനസംഖ്യാ വളര്‍ച്ചയും വരുമാനത്തിലുണ്ടായ മുന്നേറ്റവും ഉപഭോക്താക്കളെ ദുബൈയില്‍ കൂടുതല്‍ ചെലവ് ചെയ്യാന്‍ പ്രാപ്തരാക്കുന്നുണ്ട്. മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും ആകര്‍ഷകമായ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് യു എ ഇയിലാണ്. രാജ്യത്തെ പശ്ചാത്തല വികസനത്തിലെ വമ്പന്‍ പുരോഗതിയും വാണിജ്യ സൗഹൃദ അന്തരീക്ഷവുമാണ് ചില്ലറ വില്‍പനക്കാരെ യു എ ഇയിലേക്ക് ആകര്‍ഷിക്കുന്നത്. ഇതര ജി സി സി രാജ്യങ്ങളിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് യു എ ഇയിലേത്.