ദുബൈ വിമാനത്താവളത്തിനരികില്‍ മൂന്ന് മേല്‍പാലങ്ങള്‍ കൂടി

Posted on: April 22, 2018 8:53 pm | Last updated: April 22, 2018 at 8:53 pm
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനരകില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന മേല്‍പാലം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനരികിലെ റോഡുകളുടെ നവീകരണങ്ങളുടെ ഭാഗമായി അടുത്ത വെള്ളിയാഴ്ച നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്ന് പുതിയ മേലാപ്പാലങ്ങള്‍ കൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നു.

ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചതാണിക്കാര്യം. നാദ് അല്‍ ഹമ്മാര്‍ സ്ട്രീറ്റില്‍ നിന്ന് എയര്‍പോര്‍ട്ട് സ്ട്രീറ്റിലേക്കുള്ള രണ്ട് വരി പാതകള്‍ അടങ്ങിയ മേല്‍പാലം അടക്കം എയര്‍പോര്‍ട്ട് പരിസരത്തു നിര്‍മാണം പുരോഗമിച്ചിരുന്ന പാലങ്ങളാണ് വെള്ളിയാഴ്ച പ്രവര്‍ത്തന സജ്ജമാകുക. ഇതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ വിമാനത്താവളത്തിലെത്തുന്നതും തിരികെ പറക്കുന്നതുമായ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. നാല് പ്രധാന ജങ്ഷനുകളിലാണ് എയര്‍പോര്‍ട്ട് അനുബന്ധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം ഈ വര്‍ഷം ജൂലൈയോടെ നടക്കും. പൂര്‍ത്തീകരണ സമയത്തു എയര്‍പോര്‍ട്ട് സ്ട്രീറ്റില്‍ നിന്ന് മാറാക്കിഷ് റോഡിലേക്ക് രണ്ടു വരി പാതകളടങ്ങിയ പ്രത്യേക ടണലും സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മേല്‍പാലങ്ങള്‍ നാദ് ഹമ്മര്‍ ഇന്റര്‍ചെയ്ഞ്ചില്‍ ഇടതു വശത്തു നിന്ന്പ്രവേശിക്കുന്ന പാത മേല്‍പ്പാലത്തിലെ ആദ്യത്തെ സ്ലോപ്പിലൂടെ എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതത്തെയും മേല്‍പ്പാലത്തിലെ രണ്ടാമത്തെ സ്ലോപ്പ് എയര്‍പോര്‍ട്ടില്‍ നിന്ന് നാദ് അല്‍ ഹമ്മാര്‍ ഭാഗത്തേക്കും ഗതാഗതത്തെ ലഘൂകരിക്കാന്‍ പാകത്തിലുള്ളതാണ്. ദുബൈ ഏവിയേഷന്‍ എഞ്ചിനീറിംഗ് ബില്‍ഡിംഗ് പരിസരത്തേക്കുള്ള പാലവും ആര്‍ ടി എ സമീപ ദിവസങ്ങളില്‍ ഗതാഗതത്തിനായി സജ്ജമാക്കുന്നുണ്ട്. എല്ലാ മേല്‍പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു ഗതാഗത സജ്ജമാകുന്നതോടെ മണിക്കൂറില്‍ 5000 വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ പാകത്തിലുള്ളതാകും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വര്‍ദ്ധിച്ചു വരുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തെ കാണണക്കിലെടുത്തു വിമാനത്താവള പരിസരത്തു മികച്ചതായ ഗതാഗത സൗകര്യങ്ങളാണ് ഒരുക്കുന്നത്. 2020 ആകുമ്പോഴേക്കും അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 9.2 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.