Uae
ജനുവരി ആറ് മുതൽ ബേങ്ക് ഓൺലൈൻ ഇടപാടുകൾക്ക് ഒ ടി പി വരില്ല
ബേങ്ക് ആപ്പ് നിർബന്ധം
ദുബൈ | യു എ ഇയിലെ ഓൺലൈൻ കാർഡ് പേയ്മെന്റുകൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ നിർണായക മാറ്റം. ജനുവരി ആറ് മുതൽ എസ് എം എസ് വഴി ഒ ടി പി അയക്കുന്ന രീതി പ്രമുഖ ബേങ്കുകൾ അവസാനിപ്പിക്കുന്നു. പകരം ബേങ്കിന്റെ മൊബൈൽ ആപ്പ് വഴിയുള്ള അനുമതി നിർബന്ധമാക്കും. ഇതുസംബന്ധിച്ച സന്ദേശങ്ങൾ ബേങ്കുകൾ ഉപഭോക്താക്കൾക്ക് അയച്ചുതുടങ്ങി.
ജനുവരി ആറ് മുതൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ പർച്ചേഴ്സുകൾ നടത്തുമ്പോൾ ഫോണിൽ എസ് എം എസ് ആയി കോഡ് ലഭിക്കില്ല. പകരം ബേങ്കിന്റെ സ്മാർട്ട് ആപ്പിൽ വരുന്ന നോട്ടിഫിക്കേഷൻ വഴി ഇടപാട് അംഗീകരിക്കണം. ഡിജിറ്റൽ ബേങ്കിംഗ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തട്ടിപ്പുകൾ തടയാൻ എസ് എം എസ്, ഇ-മെയിൽ വഴിയുള്ള ഒ ടി പി ഒഴിവാക്കി ആപ്പ് വഴിയുള്ള വെരിഫിക്കേഷൻ നടപ്പാക്കാൻ യു എ ഇ സെൻട്രൽ ബേങ്ക് നേരത്തെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ജൂലൈ മുതൽ തന്നെ പല ബാങ്കുകളും ഘട്ടംഘട്ടമായി ഈ രീതി നടപ്പിലാക്കി വരുന്നുണ്ട്. തടസ്സമില്ലാതെ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾ ബേങ്കിന്റെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.






