Kerala
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയെ എസ്ഐടി ചോദ്യം ചെയ്യണം; മന്ത്രി വി ശിവന്‍കുട്ടി
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയുടെ മൊഴി നിര്‍ണായകമാണ്.ഗൂഢാലോചന പുറത്ത് വരണം.
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അതിസുരക്ഷാ മേഖലയായ സോണിയാ ഗാന്ധിയുടെ വസതിയില്‍ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരികര്‍മിയായി നിയമിച്ചത്. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് പ്രയാര്‍ ഗോപാലകൃഷ്ണനാണ്. എസ്ഐടിയുടെ അന്വേഷണത്തെ പ്രതിപക്ഷം ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തം നേതാക്കള്‍ക്ക് കേസിലുള്ള പങ്ക് വെളിപ്പെടുമോ എന്ന ഭയമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയുടെ മൊഴി നിര്‍ണായകമാണ്. കേസില്‍ അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ്. ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.






