കാബൂളില്‍ ചാവേര്‍ ആക്രമണം; അമ്പതിലേറെ മരണം

സ്‌ഫോടനം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ
Posted on: April 22, 2018 4:21 pm | Last updated: April 23, 2018 at 11:14 am
ആക്രമണത്തില്‍ പരുക്കേറ്റ എട്ടുവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കേന്ദ്രത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അമ്പ ത്തിയേഴ് പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസില്‍ ഏറ്റെടുത്തു. അടുത്ത വര്‍ഷം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ച് മുന്നോട്ടുപോകുന്ന പ്രസിഡന്റ് അശ്‌റഫ് ഗനി സര്‍ക്കാറിനുള്ള താക്കീതാണ് ആക്രമണമെന്ന് ഇസില്‍ അവകാശപ്പെട്ടു.

തലസ്ഥാന നഗരമായ കാബൂളിന്റെ പടിഞ്ഞാറന്‍ നഗരമായ ദശ്‌തെ ബാര്‍ചിയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ 21 പേര്‍ സ്ത്രീകളും അഞ്ച് പേര്‍ കുട്ടികളുമാണ്. കാര്‍ഡ് വാങ്ങുന്നതിനായി വരി നില്‍ക്കുകയായിരുന്നവരാണ് ആക്രമണത്തിന് ഇരയായത്. ഈ ആഴ്ച ഇത് നാലാം തവണയാണ് ഇത്തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.

അക്രമി കാല്‍നടയായി എത്തിയാണ് സ്വയം പൊട്ടിത്തെറിച്ചതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ദനേശ് പറഞ്ഞു. സ്‌ഫോടനത്തിന്റെ തീവ്രത കാരണം സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപറ്റിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിക്ക് ശേഷം കാബൂളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് ഇന്നലത്തേത്.

ജനുവരിയില്‍ ആംബുലന്‍സില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് നൂറോളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സ്‌ഫോടനത്തിന് ശേഷം തലസ്ഥാന നഗരത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരുന്നെങ്കിലും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മാര്‍ച്ച് വരെ മാത്രം വിവിധ ഭീകര സംഘടനകള്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളിലും മറ്റും കൊല്ലപ്പെട്ടവരുടെ എണ്ണം 750ഓളം വരും.

അടുത്ത വര്‍ഷം നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷം തന്നെ അസംബ്ലി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഗനി സര്‍ക്കാറിന് മേല്‍ അന്താരാഷ്ട്ര സഖ്യകക്ഷികളില്‍ നിന്ന് വലിയ സമ്മര്‍ദമാണ് ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചത്. എന്നാല്‍, ഇത്തരം കേന്ദ്രങ്ങള്‍ക്ക് നേരെ ഇസില്‍ അടക്കമുള്ള ഭീകര സംഘടനകള്‍ ആക്രമണം നടത്തുകയാണ്. അടുത്തിടെ ബി ബി സി പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ 30 ശതമാനം പ്രദേശത്ത് മാത്രമേ സര്‍ക്കാറിന് നിയന്ത്രണമുള്ളൂ. മറ്റ് പ്രദേശങ്ങള്‍ ഇസിലിന്റെയും താലിബാന്റെയും നിയന്ത്രണത്തിലാണ്. ഈ ഭീകര സംഘടനകള്‍ ജനങ്ങളെ സര്‍ക്കാറിനെതിരെ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു.