ആഴ്‌സണലിന്റെ അടുത്ത കോച്ച് ആര് ?

Posted on: April 22, 2018 11:48 am | Last updated: April 22, 2018 at 11:48 am
SHARE

ലണ്ടന്‍: ആര്‍സെന്‍ വെംഗര്‍ സീസണ്‍ അവസാനിക്കുന്നതോടെ സ്ഥാനമൊഴിയുമ്പോള്‍ ആ ചോദ്യം അവശേഷിക്കുന്നു. ആഴ്‌സണല്‍ എഫ് സിയുടെ അടുത്ത പരിശീലകന്‍ ആര്?
താത്പര്യം അറിയിച്ച് ഇറ്റാലിയന്‍ കോച്ച് കാര്‍ലോ അഞ്ചലോട്ടി രംഗത്തുണ്ട്. ആഴ്‌സണലിന്റെ ഇതിഹാസ നിരയുടെ ക്യാപ്റ്റനായിരുന്ന പാട്രിക് വിയേരയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു.

ആര്‍സെന്‍ വെംഗറുടെ ടീമിന്റെ ക്യാപ്റ്റനായിരുന്നു പാട്രിക് വിയേര. മൂന്ന് തവണ പ്രീമിയര്‍ ലീഗും നാല് എഫ് എ കപ്പും നേടിയ ആഴ്‌സണല്‍ ടീമിന്റെ മധ്യനിരയെ നിയന്ത്രിച്ചത് വിയേരയുടെ ബുദ്ധിയായിരുന്നു.
വെംഗറുടെ പിന്‍ഗാമിയായി ആഴ്‌സണല്‍ ആരാധകര്‍ പാട്രിക് വിയേരയെ ആഗ്രഹിക്കുന്നു. നിലവില്‍ ന്യൂയോര്‍ക് സിറ്റി എഫ് സിയുടെ കോച്ചാണ് വിയേര. എന്നാല്‍, തന്റെ പേരില്‍ അഭ്യൂഹങ്ങള്‍ വന്നത് തന്നെ വലിയ നേട്ടമായി വിയേര കാണുന്നു.

ഒമ്പത് വര്‍ഷം ആഴ്‌സണലിന്റെ കുപ്പായമണിഞ്ഞു. ഏറെ ഇഷ്ടമുള്ള ക്ലബ്ബായി ഇന്നും ആഴ്‌സണല്‍ മനസില്‍ നിറയുന്നു. എന്നാല്‍, ആഴ്‌സണലിനെ പരിശീലിപ്പിക്കാനുള്ള പരിചയ സമ്പത്ത് തനിക്കായോ എന്നറിയില്ലെന്ന് വിയേര.
ആര്‍സെന്‍ വെംഗര്‍ക്കൊപ്പം 1996 ല്‍ ആഴ്‌സണലിലെത്തിയ താരമാണ് വിയേര. എ സി മിലാനില്‍ നിന്നായിരുന്നു വിയേരയെ ആഴ്‌സണല്‍ സ്വന്തമാക്കിയത്.
ഇംഗ്ലീഷ് ക്ലബ്ബിനെ ഉയരങ്ങറിലേക്ക് വെംഗര്‍ കൊണ്ടുപോയപ്പോള്‍ അമരക്കാരനായി വിയേരയുണ്ടായിരുന്നു. 371 മത്സരങ്ങള്‍. 32 ഗോളുകള്‍. പീരങ്കിപ്പടയുടെ നെടുനായകത്വമായി വിയേര മാറി. 2003-04 സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരയ്ത വിയേരയുടെ കീഴിലായിരുന്നു. രണ്ട് തവണ സീസണില്‍ ഇരട്ടക്കിരീടം നേടിയ ടീമില്‍ വിയേരയുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുപ്പായത്തിലാണ് വിയേര വിരമിച്ചത്. തുടര്‍ന്ന് സിറ്റിയുടെ അണ്ടര്‍ 21 ടീമിന്റെ കോച്ചായി.
2016 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളുടെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ന്യൂയോര്‍ക്ക് സിറ്റിയുടെ കോച്ചായി ചുമതലയേറ്റു. ആഞ്ചലോട്ടിക്കും വിയേരക്കും പുറമെ ബാഴ്‌സലോണ കോച്ച് ലൂയിസ് എന്റിക്വെ, ജര്‍മനി കോച്ച് ജോക്വം ലോ, സെല്‍റ്റിക് കോച്ച് ബ്രെന്‍ഡന്‍ റോജേഴ്‌സ്, മൊണാക്കോ കോച്ച് ലിയോനാര്‍ഡോ ജാര്‍ഡിം എന്നിവരുടെ പേരുകളും ആഴ്‌സണലുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here