Articles
മതേതര ചേരിക്ക് പ്രതീക്ഷയുണ്ട്

ചരിത്രപരമായ മണ്ടത്തരം എന്ന പ്രയോഗം രണ്ടു പതിറ്റാണ്ടോളമായി സി പി എമ്മിനെ തിരിഞ്ഞ് കുത്തുകയാണ്. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പാര്‍ട്ടി തന്നെയാണ് ഈ പ്രയോഗം നടത്തിയത്. അന്ന് കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ പറ്റിയ പിഴവ് ഹൈദരാബാദില്‍ ആവര്‍ത്തിച്ചില്ലെന്ന് ആശ്വസിക്കാം. ആ അര്‍ഥത്തില്‍ ഹൈദരാബാദിലെ രാഷ്ട്രീയ പ്രമേയം ചരിത്രപരമായ തിരുത്ത് തന്നെയാണ്. കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഈ ഭേദഗതിക്ക് കാര്യമായ പ്രസക്തിയില്ല. ആര്‍ എസ് എസ് ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഈ തിരുത്ത് സി പി എമ്മിനെ വലിയ തോതില്‍ സഹായിക്കും.
രാഷ്ട്രീയ പ്രമേയം അംഗീകരിച്ച് കഴിഞ്ഞാല്‍ സി പി എമ്മില്‍ മറ്റൊരുപിളര്‍പ്പുണ്ടാകുമോ? പാര്‍ട്ടി കോണ്‍ഗ്രസിന്റെ മൂന്നാംദിനം വിശദീകരിക്കാന്‍ ബാഗലിംഗപള്ളിയിലെ സുന്ദരയ്യ വിജ്ഞാന്‍ കേന്ദ്രത്തില്‍ പ്രകാശ് കാരാട്ട് മാധ്യമങ്ങളെ കാണുമ്പോള്‍ ഇങ്ങനെയും ഒരു ചോദ്യമുയര്‍ന്നു. അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശരാകേണ്ടി വരുമെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും ആ ഘട്ടത്തില്‍ സി പി എം നേരിട്ടിരുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ ചോദ്യം. വാര്‍ത്താസമ്മേളനം നടത്തിയ പ്രകാശ് കാരാട്ടിന് ഈ ചോദ്യത്തിന് പിന്നിലെന്തെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതമെന്തെന്നും ബോധ്യമില്ലാത്തത് കൊണ്ടായിരുന്നില്ല. പക്ഷേ ചിരിച്ച് കൊണ്ടുള്ള മറുപടിയില്‍ ഒരു ഒത്തുതീര്‍പ്പ് സാധ്യതകള്‍ ഒളിഞ്ഞ് കിടന്നിരുന്നു. രണ്ടു നിലപാടുകളുടെ ഏറ്റുമുട്ടല്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടുചേരിയെ രൂപപ്പെടുത്തിയെന്നും അത് വലിയൊരു ഭിന്നതയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നും നേതൃത്വം ഉള്‍ക്കൊണ്ടു. അവിടെയാണ് വിട്ടുവീഴ്ചയുണ്ടാകുന്നതും സമവായം രൂപപ്പെടുന്നതും.
ഏറ്റുമുട്ടിയ നിലപാടുകള്‍
സി പി എമ്മിന്റെ വര്‍ഗസ്വഭാവത്തിലൂന്നിയും തത്വാധിഷ്ഠിതമെന്ന് തോന്നാവുന്നതുമായ നിലപാടായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍ ഔദ്യോഗിക രാഷ്ട്രീയ പ്രമേയമായി പ്രകാശ് കാരാട്ട് അവതരിപ്പിച്ചത്. എന്നാല്‍, ആനുകാലിക രാഷ്ട്രീയം ഉള്‍ക്കൊണ്ട് പ്രായോഗികത കൂടി കണക്കിലെടുക്കണമെന്ന നിലപാട് യെച്ചൂരിയും സ്വീകരിച്ചു. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലായിരുന്നു ഈ തര്‍ക്കം. ബി ജെ പിയെയും കോണ്‍ഗ്രസിനെയും വര്‍ഗശത്രുക്കളായി കണ്ട് അകറ്റി നിര്‍ത്തണമെന്ന് കാരാട്ട് വാദിച്ചപ്പോള്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും എവിടെയെങ്കിലും ധാരണ ഉണ്ടാക്കേണ്ടി വന്നാല്‍ അതിനുള്ള വഴി അടക്കരുതെന്നും യെച്ചൂരിയും വാദിച്ചു. പ്രധാനമായും ബംഗാളിലെ രാഷ്ട്രീയ സാഹചര്യമായിരുന്നു യെച്ചൂരിയുടെ വാദത്തിന്റെ അടിസ്ഥാനം. രണ്ടു നിലപാടുകള്‍ രണ്ടുരേഖകളായി തന്നെയാണ് ആദ്യം പൊളിറ്റ്ബ്യൂറോയുടെ മുന്നിലെത്തിയത്. രണ്ടുതവണ ചര്‍ച്ച ചെയ്‌തെങ്കിലും കാരാട്ടിന്റെ നിലപാടിനാണ് പിന്തുണ ലഭിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ടത് ഭൂരിപക്ഷ പിന്തുണയുള്ള രേഖയാണെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തു. തര്‍ക്കം കേന്ദ്ര കമ്മിറ്റിയുടെ മുന്നിലെത്തി.
ഒക്ടോബറില്‍ ചേര്‍ന്ന സി സി യോഗം ഭൂരിപക്ഷ നിലപാടിനൊപ്പം സി സിയിലെ ചര്‍ച്ചകള്‍ കൂടി അടിസ്ഥാനമാക്കി ഒരു രേഖ തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. 31 പേരാണ് ആദ്യ കേന്ദ്രകമ്മിറ്റി യോഗത്തില്‍ യെച്ചൂരിയെ പിന്തുണച്ചത്. 32 പേരുടെ പിന്തുണ കാരാട്ടിനും. ഡിസംബറില്‍ വീണ്ടും പി ബി ചേര്‍ന്നെങ്കിലും ഇരുപക്ഷവും നിലപാടില്‍ ഉറച്ചു നിന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള എന്നീ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് സമവായമുണ്ടാക്കണമെന്ന് പി ബി നിര്‍ദേശിച്ചു. ചര്‍ച്ച നടന്നതല്ലാതെ സമവായമുണ്ടായില്ല.
ഒടുവില്‍ കഴിഞ്ഞ ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സി സി യോഗം രണ്ടു രേഖകളും പരിഗണിച്ചു. യെച്ചൂരിയുടെ ബദല്‍ നിര്‍ദേശം വോട്ടിനിട്ട് തള്ളി. കാരാട്ട് തയ്യാറാക്കിയ രേഖ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഔദ്യോഗിക കരട് രാഷ്ട്രീയ പ്രമേയമായി പ്രസിദ്ധീകരിച്ചു. അപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസ് ആണ് അന്തിമതീരുമാനമെടുക്കേണ്ടതെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. യെച്ചൂരിയുടെ അഭിപ്രായം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പിന്നീട് സി സി അനുമതിയും നല്‍കി.
ചരിത്രപരമായ തിരുത്ത്
ചരിത്രപരമായ മണ്ടത്തരം എന്ന പ്രയോഗം രണ്ടു പതിറ്റാണ്ടോളമായി സി പി എമ്മിനെ തിരിഞ്ഞ് കുത്തുകയാണ്. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പാര്‍ട്ടി തന്നെ വിലയിരുത്തിയതാണ് ഈ പ്രയോഗം. അന്ന് കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ പറ്റിയ പിഴവ് ഹൈദരാബാദില്‍ ആവര്‍ത്തിച്ചില്ലെന്ന് ആശ്വസിക്കാം. ആ അര്‍ഥത്തില്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയം ചരിത്രപരമായ ഒരു തിരുത്ത് തന്നെയാണ്. പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പിന്നീട് ചരിത്രപരമായ മണ്ടത്തരം എന്ന വിശേഷണം ലഭിച്ച തീരുമാനമെടുക്കുന്നത്. ഐക്യമുന്നണി സര്‍ക്കാറില്‍ ചേരേണ്ടെന്നും അന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു പ്രധാനമന്ത്രിയാകേണ്ടെന്നും 1996 മെയില്‍ സി പി എം കേന്ദ്ര കമ്മിറ്റി (സി സി) തീരുമാനിച്ചു. വോട്ടെടുപ്പിലൂടെയായിരുന്നു തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തും ജ്യോതിബസുവും നിലപാടെടുത്തു. അങ്ങനെയാണ് 1998ല്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വിഷയമെത്തുന്നത്. അന്നും ഔദ്യോഗിക രാഷ്ട്രീയ പ്രമേയത്തിന്റെ കരട് അവതരിപ്പിച്ചത് പ്രകാശ്കാരാട്ട്. ജനറല്‍സെക്രട്ടറിയായിരുന്ന സുര്‍ജിത്ത് ബദലും അവതരിപ്പിച്ചു.
മതേതര ചേരിക്ക് പ്രതീക്ഷയുണ്ട്
ആര്‍ എസ് എസും ബി ജെ പിയും രാജ്യത്ത് വലിയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ സി പി എം തങ്ങളുടെ രാഷ്ട്രീയ പ്രമേയത്തില്‍ വരുത്തുന്ന തിരുത്ത് മതേതര ചേരിയുടെ മനസ്സിന് നല്‍കുന്ന ആഹ്ലാദം ചെറുതല്ല. കോണ്‍ഗ്രസും ബി ജെ പിയും വര്‍ഗശത്രുക്കളാണെന്ന് പാര്‍ട്ടി അടിവരയിടുമ്പോള്‍ തന്നെ മുഖ്യശത്രു ആര്‍ എസ് എസും ബി ജെ പിയുമാണെന്ന വസ്തുത പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് കഴിഞ്ഞു.
നീതി പീഠങ്ങളില്‍ നുഴഞ്ഞ് കയറിയും ഭരണ ഘടന തന്നെ മാറ്റാന്‍ കരുനീക്കിയും ആര്‍ എസ് എസും അവരുടെ രാഷ്ട്രീയ മുഖമായ ബി ജെ പിയും എല്ലാശ്രമങ്ങളും നടത്തുമ്പോള്‍ ഫാസിസ്റ്റ് വിരുദ്ധരെല്ലാം ചേര്‍ന്ന് നില്‍ക്കണമെന്നാണ് രാജ്യത്തെ മതേതര ചേരി ആഗ്രഹിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബദ്ധശത്രുക്കളായ എസ് പിയും ബി എസ് പിയും കൈകോര്‍ത്തതിന് പിന്നിലെ രാഷ്ട്രീയവും ഇത് തന്നെ. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന ശേഷവും ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളോടെയും സ്വഭാവത്തോടെയും നിലനില്‍ക്കുമോയെന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് ഉയരുന്നത്. ആ ചോദ്യത്തിന് ഒരുമിച്ച് നിന്ന് ഉത്തരം നല്‍കേണ്ടവര്‍ ഭിന്നിച്ച് നിന്നാല്‍ അത് ഫാസിസത്തിന് എളുപ്പമാകും. ഈ തിരിച്ചറിവ് കൂടി സി പി എമ്മിന്റെ ഭേദഗതി വരുത്തിയ രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് വായിച്ചെടുക്കാം.
യെച്ചൂരിയുടെ വാദം അംഗീകരിച്ച് പ്രമേയം തിരുത്തിയതോടെ സി പി എം കോണ്‍ഗ്രസ് ബന്ധം ഉറപ്പായെന്ന് വ്യഖ്യാനിക്കുന്നവരുണ്ട്. അങ്ങനെയൊരു വിലയിരുത്തലിന് രാഷ്ട്രീയ പ്രമേയത്തില്‍ സാധൂകരണമില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന് പ്രമേയത്തില്‍ ഉറച്ചുതന്നെ പറയുന്നുണ്ട്. പിന്നെ എവിടെയാണ് ഈ ബന്ധം. സഖ്യത്തിനപ്പുറത്തുള്ള അടവ് നയം. അങ്ങനെയൊന്ന് എവിടെയെങ്കിലും സംഭവിച്ചാല്‍ അതിനെ പാര്‍ട്ടി വിരുദ്ധമായി കാണാനാകില്ലെന്ന് മാത്രം. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ മാത്രമാണ് ഇങ്ങനെയൊരു നീക്കുപോക്കിന്റെ സാധ്യത. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ വിലക്ക് മറികടന്നാണ് കോണ്‍ഗ്രസുമായി അവിടെ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത്.
തിരിച്ചടിയിലും ആശ്വസിച്ച് കേരള ഘടകം
കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഈ ഭേദഗതിക്ക് കാര്യമായ പ്രസക്തിയില്ല. അതേസമയം, ആര്‍ എസ് എസ് ഭീഷണി നേരിടുന്ന മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഈ തിരുത്ത് സി പി എമ്മിനെ വലിയതോതില്‍ സഹായിക്കും. കോണ്‍ഗ്രസുമായി ധാരണവേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിര്‍ത്തത് കേരള ഘടകമായിരുന്നു. കേരളത്തിന്റെ പിന്തുണയോടെയും ആശീര്‍വാദത്തോടെയുമാണ് ഔദ്യോഗിക രേഖ കാരാട്ട് തയ്യാറാക്കിയതും. യെച്ചൂരിയുടെ ബദലിനെതിരെ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതു ചര്‍ച്ചയിലും ശക്തമായി രംഗത്തുവന്നതും കേരള നേതാക്കള്‍ തന്നെ. ആ അര്‍ഥത്തില്‍ സംസ്ഥാന സി പി എമ്മിന് പ്രമേയത്തിലെ തിരുത്ത് തിരിച്ചടിയാണെന്ന് പറയാം. അതേസമയം, മതേതര പക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പുതിയ സാഹചര്യം സഹായിക്കുകയും ചെയ്യും. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന വിശാല മതേതര ചേരി വേണമെന്ന ആവശ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശമാണ് കേരള സി പി എം നേരിട്ടിരുന്നത്. ഭേദഗതി വരുത്തിയ രാഷ്ട്രീയപ്രമേയം അന്തിമമായി അംഗീകരിക്കപ്പെട്ടതോടെ ഇന്നലെ വരെ എതിര്‍ത്തവരുടെ കൈയടി നേടാന്‍ സഹായിക്കും. രാഷ്ട്രീയ പ്രചാരണ രംഗത്ത് ബി ജെ പി പുതിയ സാഹചര്യത്തെ മുതലെടുക്കും. കോണ്‍ഗ്രസും സി പി എമ്മും സഖ്യത്തിലായിരിക്കുന്നുവെന്ന പ്രചാരണമായിരിക്കും ഇനി ബി ജെ പി നടത്തുക. കോണ്‍ഗ്രസ് ബന്ധം ആഗ്രഹിക്കുന്നതിന്റെ പേരില്‍ സി പി ഐയെ പഴിക്കുന്ന സി പി എമ്മിന് അവരില്‍ നിന്നുള്ള പരിഹാസവും ഇനി കേള്‍ക്കേണ്ടി വരും.