Connect with us

Editorial

സച്ചാറിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കണം

Published

|

Last Updated

പ്രമുഖ നിയമജ്ഞനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമെന്നതിലുപരി രാജ്യം കണ്ട മികച്ച മതേതരവാദികളിലൊരാളും മനുഷ്യാവകാശ പ്രവര്‍ത്തകനും നീതിയുടെ കാവലാളുമായിരുന്നു വെള്ളിയാഴ്ച അന്തരിച്ച രജീന്ദര്‍ സച്ചാര്‍. മനുഷ്യാവകാശ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ എക്കാലത്തും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ തലവനെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ ശ്രദ്ധേയനും പ്രസിദ്ധനുമാക്കിയത്. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് തയാറാക്കിയ വിശാലവും സമഗ്രവുമായ തന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും സ്വത്വപ്രതിസന്ധിയും നിലനില്‍പ്പു ഭീഷണിയും വിവേചനവുമെല്ലാം കൃത്യമായി ചൂണ്ടിക്കാട്ടുകയും പരിഹാരനടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്.”ദേശവിരുദ്ധര്‍” എന്ന് വ്യാപകമായി ആരോപിക്കപ്പെടാറുള്ള മുസ്‌ലിംകള്‍ ഒരു സമുദായമെന്ന നിലയില്‍ ഒരിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.വിദ്യാഭ്യാസത്തിലും ഉദ്യോഗ തലങ്ങളിലും ഭരണ രംഗത്തും പോലീസിലും സൈന്യത്തിലുമെല്ലാം പ്രാതിനിധ്യം തീരെ കുറവായ മുസ്‌ലിംകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്.

വര്‍ഗീയതയോടും സാമൂഹിക അസമത്വത്തിനെതിരെയും സന്ധിയില്ലാ സമരം ചെയ്ത രജീന്ദര്‍ സച്ചാര്‍ സംഘ്പരിവാറിന്റെ പശുഭീകതയെയും കപട ദേശീയതയെയും തുറന്നു കാട്ടി. പശുമാംസം കഴിച്ചുവെന്നാരോപിച്ച് കൊല നടത്തുന്നവര്‍ ഒരു വ്യക്തിയെയല്ല മനുഷ്യത്വത്തെയാണ് കൊല്ലുന്നതെന്നാണ് 2015ല്‍ ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞത്. എം പി മാരും എം എല്‍ എ മാരും ഉള്‍പ്പെടെ സംഘ്പരിവാര്‍ നേതാക്കള്‍ ബീഫ് കയറ്റുമതി സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ബീഫ് കഴിച്ചതിന് ആളുകളെ കൊല്ലുന്നതെന്തിനെന്ന് ചോദിച്ച അദ്ദേഹം താന്‍ ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും വ്യക്തമാക്കി. രാജ്യത്ത് ഉള്ളി കഴിക്കാത്ത നിരവധി പേരുള്ളതിനാല്‍ ഉള്ളി നിരോധിക്കണമെന്ന് പറയും പോലെയാണ് ബീഫ് നിരോധനത്തിന് വേണ്ടിയുള്ള മുറവിളി. ഒട്ടേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ നടത്തിയ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ രംഗത്തുവരികയും ജസ്റ്റിസ് സച്ചാറിന്റെ വീടിന് മുന്നിലേക്ക് പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വിരമിച്ചതിനു പിന്നാലെ രജീന്ദര്‍ സച്ചാര്‍ മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ കൗണ്‍സിലിന്റെ അധ്യക്ഷനായി സേവനമനുഷ്ഠിക്കുകയും 2011ല്‍ ഡല്‍ഹിയില്‍ അന്നാ ഹസാരെയുടെ സമരത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.ഭീകരവാദ കേസുകളില്‍ പ്രതിയാക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണാ തടവുകാരായി കഴിയുന്ന നിരപരാധികളുടെ മോചനത്തിനായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1990ല്‍ പ്രസിദ്ധീകൃതമായ സച്ചാറുടെ “കശ്മിരിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട്” കശ്മീരികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനവും അവര്‍ക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതയും തുറന്നു കാട്ടുന്നുണ്ട്. ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സച്ചാറും പ്രശാന്ത് ഭൂഷണും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ന്യായാധിപ സ്ഥാനത്തിരിക്കെ അദ്ദേഹം പുറപ്പെടുവിച്ച പല വിധികളും മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. രജീന്ദര്‍ സച്ചാറിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2012ല്‍ രാജ്യത്തെ പ്രമുഖരായ സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മുന്‍ സൈനികോദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ ചേര്‍ന്നു നടത്തിയ ഓണ്‍ലൈന്‍ പ്രചാരണവും നിവേദന സമര്‍പ്പണവും മതേതര പൊതുസമൂഹം അദ്ദേഹത്തിന് കല്‍പ്പിച്ചിരുന്ന ആദരവും ഉന്നത പദവിയും സ്ഥാനവും ബോധ്യപ്പെടുത്തുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് രജീന്ദര്‍ സച്ചാറാണ് ഏറ്റുവാങ്ങിയത്.

മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥയെക്കുറിച്ചു സച്ചാര്‍ തയാറാക്കി 2006 നവംബര്‍ 30 ന് ലോക്‌സഭയുടെ മേശപ്പുറത്തു വെച്ച 403 പേജ് വരുന്ന റിപ്പോര്‍ട്ടിനെ പിന്തുണച്ച് സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളും നേതാക്കളും രംഗത്ത് വന്നെങ്കിലും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ എല്ലാവരും തണുപ്പന്‍ നയമാണ് സ്വീകരിച്ചത്. മാത്രമല്ല. പിന്നെയും മുസ്‌ലിം സമുദായം അനുഭവിക്കുന്ന വിവേചനവും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങളും അടിക്കടി വര്‍ധിച്ചു വരികയുമാണ്. പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെയെല്ലാം മുഖ്യധാരയിലെത്തിച്ചെങ്കില്‍ മാത്രമെ ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യത്തിന്റെ വികസന സ്വപ്‌നവും പുരോഗതിയും യാഥാര്‍ഥ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിലാണ് സച്ചാര്‍ സമഗ്രമായ റിപ്പോര്‍ട്ടും പരിഹാര മാര്‍ഗങ്ങളും സമര്‍പ്പിച്ചത്. ജീവിത കാലത്ത് തന്റെ റിപ്പോര്‍ട്ടിന്മേല്‍ ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് കാണാനുളള അവസരം സച്ചാറിനുണ്ടായില്ല. ആ വീഴ്ച നികത്തുകയെന്നതാണ് രാജ്യത്തിന് അദ്ദേഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല മരണാനന്തര ബഹുമതി.