Connect with us

Kerala

അപ്രഖ്യാപിത ഹര്‍ത്താല്‍: പ്രതികളിലേക്ക് എത്തിച്ചത് കുട്ടി അഡ്മിന്‍മാര്‍

Published

|

Last Updated

മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത് ജില്ലയിലെ കുട്ടി അഡ്മിന്‍മാര്‍. തിരൂര്‍ കൂട്ടായിയിലും മലപ്പുറം വള്ളുവമ്പ്രത്തും രണ്ട് കുട്ടി അഡ്മിന്‍മാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ അറസ്റ്റിലായ അമര്‍നാഥും സംഘവും നിര്‍മിച്ച വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍മാരായിരുന്നു ഇരുവരും. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ കണ്ടെത്താന്‍ പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണങ്ങളാണ് ഇവരിലെത്തിച്ചത്. ആയിരക്കണക്കിന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് ഇതിനായി അന്വേഷണ സംഘം പരിശോധിച്ചത്.

അഡ്മിന്‍മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടായിയിലെയും വള്ളുവമ്പ്രത്തെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ പത്താംക്ലാസുകാരനാണ്. ഇരുവരുടെയും ഫോണ്‍ സൈബര്‍ സെല്ല് പരിശോധിച്ച് വരികയാണ്. ഇവരില്‍ നിന്നാണ് ഇതേ പേരിലുള്ള മറ്റു ഗ്രൂപ്പുകളെ കുറിച്ചും ഇത് വഴി പ്രചരിപ്പിച്ച സന്ദേശങ്ങളെ കുറിച്ചുമുളള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമാകുന്നത്. ഇവരെ കൂടാതെ വിദ്യാര്‍ഥികളായ പത്തിലേറെ അഡ്മിന്‍മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്നാല്‍ ഇവരൊന്നും മനപൂര്‍വം അഡ്മിനാവുകയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്തവരല്ല. യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയായിരുന്നോ കുട്ടികളെ അഡ്മിന്‍മാരാക്കിയതിലൂടെ ലക്ഷ്യമിട്ടിരുന്നത് എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.