സിദ്ധരാമയ്യ ബദാമിയിലും മത്സരിക്കും; യെദ്യൂരപ്പ എതിരാളിയായേക്കും

Posted on: April 22, 2018 11:00 am | Last updated: April 22, 2018 at 11:00 am

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിന് പുറമെ ബാഗല്‍കോട്ടിലെ ബദാമിയിലും ജനവിധി തേടും. കര്‍ണാടക കോണ്‍ഗ്രസില്‍ ഇതേ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് സിദ്ധരാമയ്യക്ക് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്.
ബദാമിയില്‍ സിദ്ധരാമയ്യക്കെതിരെ ബി എസ് യെദ്യൂരപ്പയെ കളത്തിലിറക്കാനാണ് ബി ജെ പിയുടെ നീക്കം. ബദാമി മണ്ഡലത്തില്‍ കൂടി സിദ്ധരാമയ്യ മത്സരിക്കുകയാണെങ്കില്‍ യെദ്യൂരപ്പയെ എതിരായി നിര്‍ത്തുമെന്നാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച സൂചന നല്‍കിയതായാണ് സൂചന. യെദ്യൂരപ്പ കൂടി ഇവിടെ മത്സരിക്കുകയാണെങ്കില്‍ രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെ പോരാട്ടത്തിനായിരിക്കും ബദാമി മണ്ഡലം സാക്ഷ്യം വഹിക്കുക.

ആര് എതിര്‍ സ്ഥാനാര്‍ഥി ആയാലും മത്സരിച്ച് ജയിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബദാമിയില്‍ സിദ്ധരാമയ്യ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നിലവിലെ സാഹചര്യത്തില്‍ ചാമുണ്ഡേശ്വരി മണ്ഡലം സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം അത്ര സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇവിടെ സിറ്റിംഗ് എം എല്‍ എയായ ജനതാദള്‍- എസിലെ ജി ടി ദേവഗൗഡയാണ് സിദ്ധരാമയ്യയുടെ പ്രധാന എതിരാളി. മണ്ഡലത്തില്‍ ബി ജെ പി തീര്‍ത്തും ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് കളത്തിലിറക്കിയത്.

ഗോപാല്‍റാവുവാണ് പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടുന്നത്. സിദ്ധരാമയ്യയെ പരാജയപ്പെടുത്താന്‍ ബി ജെ പിയും ജെ ഡി എസും അവിശുദ്ധ കൂട്ടുകെട്ടുമായി മുന്നോട്ട് പോവുകയാണ്. അപകടകരമായ ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിന്റെ ആവശ്യത്തിന് വഴങ്ങി ബദാമിയില്‍ നിന്ന് കൂടി ജനവിധി തേടാന്‍ സിദ്ധരാമയ്യ നിര്‍ബന്ധിതനായിരിക്കുന്നത്. ബദാമിയില്‍ നിന്ന് ജനവിധി തേടണമെന്ന ആവശ്യവുമായി എസ് ആര്‍ പാട്ടീല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സിറ്റിംഗ് എം എല്‍ എയായ ചിമ്മനകട്ടിയെ തഴഞ്ഞ് ദേവരാജ് പാട്ടിലീനാണ് ഇവിടെ സീറ്റ് നല്‍കിയത്. സിദ്ധരാമയ്യ മത്സരിക്കാന്‍ സന്നദ്ധമായ സാഹചര്യത്തില്‍ ദേവരാജ്പാട്ടീല്‍ മത്സര രംഗത്ത് നിന്ന് പിന്മാറും. അതേസമയം, ചിമ്മനകട്ടിയെ തഴഞ്ഞത് മണ്ഡലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.