Connect with us

National

കത്വ സംഭവം: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ക്രൈം ബ്രാഞ്ച്

Published

|

Last Updated

ജമ്മു: കത്വയിലെ എട്ട് വയസ്സുകാരിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നതാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിച്ചതായി ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ച്. കത്വ സംഭവം വ്യാജവും സത്യത്തില്‍ നിന്ന് വിദൂരത്തുമാണെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ക്രൈം ബ്രാഞ്ച് തള്ളിക്കളഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി ഇത്തരം റിപ്പോര്‍ട്ട് പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. ഈയടുത്ത ദിവസങ്ങളിലായി ഒരു വിഭാഗം അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സത്യത്തില്‍ നിന്ന് വിദൂരമാണെന്ന് ക്രൈം ബ്രാഞ്ചിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അതിനിടെ, കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സുലൈമാന്‍ ചൗധരിയെ സ്ഥലംമാറ്റി. ശ്രീധര്‍ പാട്ടീല്‍ ആണ് പുതിയ എസ് പി. ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ശനിയാഴ്ചയാണ് വിജ്ഞാപനം പുറത്തിറക്കിയത്. കേസില്‍ കുറ്റാരോപിതരായ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ നല്‍കിയ ഉേദ്യാഗസ്ഥനാണ് സുലൈമാന്‍ ചൗധരി. തെളിവുകള്‍ നശിപ്പിക്കാന്‍ കൈക്കൂലി സ്വീകരിച്ചതിനും കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതിനും അറസ്റ്റിലായ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ, എസ് ഐ ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് ചൗധരി. ക്രൂര പീഡനത്തെക്കുറിച്ചുള്ള വിചാരണകള്‍ക്കിടയിലാണ് സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

അതിനിടെ, കത്വയില്‍ എട്ട് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച തലമുടി പെണ്‍കുട്ടിയുടെതാണെന്ന് സ്ഥിരീകരിച്ചു. പ്രതികളുടെ മുടിയും ക്ഷേത്രത്തിനുള്ളില്‍ നിന്ന് ലഭിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിള്‍ ഒരു പ്രതിയുടെതാണ്. 14 വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനയോടെയാണ് പ്രതികളുടെ ശക്തമായ പങ്ക് വ്യക്തമായത്. ഇതോടെ എട്ട് വയസ്സുകാരി ക്ഷേത്രത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടെന്ന് ഉറപ്പായി.