Connect with us

Kerala

ഹര്‍ത്താല്‍: പ്രകടനക്കാര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ നിര്‍ദേശം

Published

|

Last Updated

മലപ്പുറം താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത ബസ്‌

തിരുവനന്തപുരം: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നടത്തിയ ഹര്‍ത്താലില്‍ പെണ്‍കുട്ടിയുടെ പേരും, ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ച് പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തുന്നത്. പിടിയിലാവുന്നവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ചിത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോകൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം.

പോക്‌സോ നിയമത്തിലെ 23-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തുന്നത്. അതേസമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്റ്റാറ്റസുകള്‍ പ്രചരിപ്പിച്ച വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരെ പോലിസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഹര്‍ത്താലിന് ആഹ്വാനത്തിന് പിന്നിലെ ഉറവിടം കണ്ടെത്താനാണ് വാര്‍ത്തക്ക് പ്രചാരണം നല്‍കിയ വാട്‌സ്ആപ്പ് കൂട്ടായ്മകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യുന്നത്. കൂടുതല്‍ അഡ്മിന്മാരെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇനിയും വിളിപ്പിക്കാനാണ് പോലിസ് തീരുമാനം.
ഇതിന്റെ ഭാഗമായി മലബാര്‍ മേഖലയിലെ സോഷ്യല്‍ മീഡിയ കൂട്ടായ്മകളാണ് പ്രധാനമായും പോലീസ് നിരീക്ഷിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോടും, മലപ്പുറത്തും മാത്രം 200ലധികം അഡ്മിന്‍മാരെ വിളിച്ച് വരുത്തി പോലീസ് വിവരങ്ങള്‍ ആരാഞ്ഞു. ഹര്‍ത്താലിനിടെ അറസ്റ്റിലായവരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ച ഗ്രൂപ്പുകളെയും അഡ്മിന്മാരെയും കണ്ടെത്തിവരുന്നത്. ഇതുവരെ നീരീക്ഷിച്ച കൂട്ടായ്മകളില്‍ നിന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി പോലീസിന്റെ അവകാശപ്പെടുന്നുണ്ട്.

അതേസമയം സംസ്ഥാനത്തിന് പുറത്തുള്ളവരും വിദേശ രാജ്യങ്ങളിലുള്ളവരും സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആളുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ചോദ്യം ചെയ്ത പലര്‍ക്കും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുമായി ബന്ധമില്ലെന്നാണ് കണ്ടെത്തിയിരുന്നു.

 

മുഖ്യമന്ത്രിക്കും തിരിച്ചടിയാകും

തിരുവനന്തപുരം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാനുള്ള പോലീസ് നടപടി മുഖ്യമന്ത്രിക്കും തിരിച്ചടിയാകും. സംഭവത്തില്‍ ആദ്യ ദിവസം തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി സംഭവത്തില്‍ പ്രതിഷേധിച്ച ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതില്‍ പെണ്‍കുട്ടിയുപടെ പേരും ചിത്രവും ഉപയോഗിച്ചിരുന്നു.

നിലവില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം നല്‍കിയ ഹര്‍ത്താലില്‍ കാശ്മീരില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്‍ഡുകളേന്തി പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 13നാണ് പോസ്റ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ അന്നേ ദിവസംതന്നെ പേജില്‍ നിന്ന് പേര് നീക്കം ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോട്ടോ ഇപ്പോഴുമുണ്ട്. പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്ന നടപടിപ്രകാരം മുഖ്യമന്ത്രിക്കെതിരെയും നിയമനടപടി സ്വീകരിക്കേണ്ടിവരും.

ഒരു വാട്‌സ് ആപ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത മൂന്ന് പേര്‍ക്കെതിരെയും മഞ്ചേരി പോലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുക്കാന്‍ കാരണം.

പോക്‌സോ നിയമത്തിലെ 23ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ ചിത്രവും പേരും മുഖ്യമന്ത്രി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരെത്തെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ചിത്രം കുമ്മനം സ്വന്തം പേജില്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.